കോട്ടയം : കോട്ടയം നഗരമധ്യത്തില്‍, രാത്രി വീടാക്രമിച്ച് രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൊട്ടേഷന്‍ നല്‍കിയ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയും കൂട്ടുപ്രതിയും അറസ്റ്റില്‍.
മല്ലപ്പള്ളി വായ്പൂര്, കുഴിക്കാട്ട് വീട്ടില്‍ സുലേഖ(ശ്രുതി), പൊന്‍കുന്നം കോയിപ്പള്ളിഭാഗം പുതുപ്പറമ്പില്‍ വീട്ടില്‍ അജ്മല്‍ എന്നിവരെയാണ് കോട്ടയം ഡിവൈ.എസ്.പി. എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.സംഭവത്തില്‍ 12 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കൊട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വീടുകയറിയുള്ള ആക്രമണം. ഒരുമിച്ചുപ്രവര്‍ത്തിച്ചിരുന്ന അനാശാസ്യസംഘം രണ്ടായി പിരിഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തികത്തര്‍ക്കവും കുടിപ്പകയുമാണ് ആക്രമണത്തിലെത്തിച്ചത്. അറസ്റ്റിലായ സുലേഖയാണ് കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.
സംഘം ഒരുമിച്ചുപ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റവര്‍ സുലേഖയുടെ ഭര്‍ത്താവ് മാനസ് മാത്യുവിനെ വീട് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. വെട്ടേറ്റ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവരുടെ കേന്ദ്രമായിരുന്നു കോട്ടയം നഗരത്തിലേത്. ഇതിന്റെ നടത്തിപ്പ്, ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ജ്യോതിക്കായിരുന്നു. സുലേഖയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജ്യോതി ഇവര്‍ക്കൊപ്പം പോയത്.
ഇവരോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളും ഇരുചേരികളിലായതോടെ സംഘങ്ങള്‍ തമ്മിലുള്ള പക ഇരട്ടിച്ചു. ഇതോടെ മാനസിനെ ആക്രമിച്ചതിന് പകരംവീട്ടാന്‍ അറസ്റ്റിലായ പ്രതി സുലേഖ തിരുവനന്തപുരത്തെ സംഘത്തിന് കൊട്ടേഷന്‍ നല്‍കുകയായിരുന്നു.
വ്യക്തമായ തെളിവുകളില്ലാതിരുന്ന കേസില്‍ മൊബൈല്‍ ഫോണ്‍ രേഖകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.