കോട്ടയം: പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണ ഉടമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വളര്‍ത്തു നായയ്ക്ക് ദാരുണാന്ത്യം. ചാമംപതാല്‍ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷിന് വളര്‍ത്തു നായയുടെ ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ തിരിച്ചു കിട്ടി.
പാലു വാങ്ങാന്‍ ഇറങ്ങിയതായിരുന്നു അജേഷും വളര്‍ത്തു നായ അപ്പൂസും. പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് തെറിച്ചുവീണെങ്കിലും അജേഷിനെ രക്ഷിക്കാനുള്ള രണ്ടാം പരിശ്രമത്തില്‍ അപ്പൂസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അജേഷ് സമീപത്തെ വീട്ടിലേക്ക് പാല്‍ വാങ്ങാനായി ഇറങ്ങിയത്. വീട്ടുമുറ്റത്ത് കിടന്ന അപ്പൂസ് അജേഷിനൊപ്പം ആദ്യമിറങ്ങി. ഇടവഴിയിലൂടെ നടന്നിറങ്ങുമ്പോള്‍ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അപ്പൂസ് പത്തടിയോളം ദൂരെ തെറിച്ചു വീണു. അജേഷ് ഓടിയെത്തിയപ്പോള്‍ മുമ്പോട്ടു വിടാതെ കുരച്ചു കൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് പിന്നെ എഴുന്നേറ്റില്ല, മരണത്തിന് കീഴടങ്ങി.
ഉടന്‍ തന്നെ അജേഷ് അയല്‍വാസികളെയും കെഎസ്ഇബി ഓഫീസിലും വിവരമറിയിച്ചു. അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുനര്‍ജന്മം നല്‍കിയ വളര്‍ത്തു നായ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന വിഷമത്തിലാണ് അജേഷും കുടുംബവും.