കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി അരുണിനെതിരെ സഹോദരി ഭര്‍ത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ്. സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചത് മൂലമാണ് ആതിര ആത്മഹത്യ ചെയ്തത്. ആതിരയ്ക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ സുഹൃത്ത് ആതിരയ്‌ക്കെതിരെ പോസ്റ്റുകള്‍ ഇട്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെയാണ് കോതനല്ലൂര്‍ സ്വദേശിനിയായ ആതിരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായിരുന്ന അരുണ്‍ എന്ന വ്യക്തിയുടെ സൈബര്‍ അധിക്ഷേപത്തില്‍ മനം നൊന്തായിരുന്നു മരണം. ഇയാളുടെ മോശം സ്വഭാവത്തെ തുടര്‍ന്ന് യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. കൂടാതെ മറ്റൊരു വിവാഹലോചന കൂടി വന്നതോടെ സൈബര്‍ അധിക്ഷേപം ഇരട്ടിയായി. പൊലീസില്‍ പരാതി നല്‍കിട്ടും ഭീഷണികള്‍ തുടര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഇത് ആസുത്രിതമായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.