X

മുഖം കാണിക്കാതെ പെണ്‍കുട്ടിയുടെ നഗ്നവിഡിയോ, ബ്ലാക്ക് മെയില്‍; നാലു യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം : യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി. തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറമ്പില്‍ ടി എസ് അരുണ്‍ (29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ ഹരികൃഷ്ണന്‍ (23), പുത്തന്‍പുരയ്ക്കല്‍ അഭിജിത്ത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അരുണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകള്‍ എടുത്തിരുന്നു.

സമൂഹമാധ്യമങ്ങളില്‍നിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി. താഴത്തങ്ങാടി സ്വദേശിയായ യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തി. ഇതില്‍ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്‌നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിഡിയോ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു. ഭീഷണി വര്‍ധിച്ചതോടെയാണ് പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം യുവാവ് സംഘവുമായി സംസാരിച്ചു. രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിച്ചു. പണം വാങ്ങാന്‍ എത്തിയ സംഘത്തെ ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Test User: