മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി വീട്ടിലെ മുറിക്കുള്ളില്‍ ആരും കാണാതെ പ്രസവിച്ചു. അയല്‍വാസിയായ 21കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്നാണ് പ്രസവം. മൂന്നു ദിവസം കഴിഞ്ഞ് കുഞ്ഞിനെയും പെണ്‍കുട്ടിയെയും ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചിരുന്നില്ല. യൂട്യൂബ് നോക്കി പരസഹായമില്ലാതെ വീട്ടില്‍ വച്ചു തന്നെ പ്രസവിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നത് ഉള്‍പെടെ യൂട്യൂബ് നോക്കിയാണ് മനസിലാക്കിയത്. ഒക്ടോബര്‍ 20ന് പ്രസവിച്ച് മൂന്ന് ദിവസം കഴിഞ്ഞാണ് ആശുപത്രിയിലെത്തുന്നത്.
പെണ്‍കുട്ടിയും കുഞ്ഞും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ മാതാവിന് കാഴ്ച വൈകല്യമുണ്ട്. അതുകൊണ്ടുതന്നെ മകള്‍ ഗര്‍ഭിണിയായ വിവരം മാതാവിന് അറിയാന്‍ കഴിഞ്ഞില്ല. പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. വീട്ടിലെ ഈ സാഹചര്യങ്ങള്‍ മുതലെടുത്താണ് യുവാവ് പീഡനത്തിനിരയാക്കിയത്.