X
    Categories: keralaNews

പ്രതിസന്ധിയില്‍ ദിശ തെറ്റാതെ നയിച്ച കൊരമ്പയില്‍- ARTICLE

അന്‍വര്‍ മുള്ളമ്പാറ

കലുഷിതമായൊരു രാഷ്ട്രീയ കാലഘട്ടത്തിലാണ് കൊരമ്പയില്‍ അഹമ്മദാജി മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായത്. ആന്തരികവും ബാഹ്യവുമായി കാലുഷ്യങ്ങള്‍ നിറഞ്ഞ ആ രാഷ്ട്രീയ പ്രതിസന്ധിഘട്ടത്തില്‍ ശിഹാബ് തങ്ങള്‍ക്കൊപ്പം പാര്‍ട്ടിയെ ദിശ തെറ്റാതെ നയിക്കാനുള്ള ആന്തരിക ബലവും നേതൃപാടവവും അദ്ദേഹത്തിനുണ്ടായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ രാജ്യം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ട സന്ദര്‍ഭം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അരക്ഷിത ബോധത്താല്‍ പ്രയാസപ്പെട്ട കാലത്ത് വര്‍ഗീയതക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടേയും ജനാധിപത്യത്തിന്റേയും മുസ്‌ലിംലീഗിന്റെ രാഷ്ടീയ വഴികള്‍ വിശദീകരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. മികച്ച രാഷ്ട്രീയക്കാരനും പാര്‍ലമെന്റേറിയനും ആയിരിക്കെതന്നെ കലാ സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ കൊരമ്പയിലിന് സാധിച്ചു. സ്‌പോര്‍ട്‌സ് താരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാറുള്ളതുപോലെ ആര്‍ട്‌സ് താരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊരമ്പയില്‍ അഹമ്മദ് ഹാജി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ പറഞ്ഞു: ‘ഓടുകയും ചാടുകയും ചെയ്യുന്നവര്‍ക്ക് ഇതാവാമെങ്കില്‍ എന്തുകൊണ്ട് ആടുകയും പാടുകയും ചെയ്യുന്നവര്‍ക്ക് ആയിക്കൂടാ’.

കലാസാംസ്‌കാരിക രംഗത്ത് അദ്ദേഹത്തിന്റെ ഒട്ടേറെ സംഭാവനകളുണ്ടായി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് ജന്മനാട്ടില്‍ ഉയര്‍ന്ന സ്മാരകം കൊരമ്പയില്‍ അഹമ്മദാജിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കലാ സാംസ്‌കാരിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി ‘കലാപാലക രത്‌നം’ എന്നൊരു വലിയ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. കലാരംഗം പോലെ കായിക രംഗത്തും ധാരാളം സംഭാവനകളുണ്ടായിട്ടുണ്ട്. ഫുട്‌ബോള്‍ മൈതാനിയിലെ മികച്ച ഫോര്‍വേഡ് ആയിരുന്ന ‘മഞ്ചേരിയുടെ ബാപ്പുട്ടി’ പില്‍കാലത്ത് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഉപാധ്യക്ഷനായിരുന്ന 1973ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ മഞ്ചേരിയിലെ നേതാവായിരുന്ന അദ്ദേഹം അന്‍പതുകളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അറുപതുകളില്‍ രാഷ്ട്രീയ രംഗത്തു നിന്നും പിന്‍വാങ്ങി കലാസാംസ്‌കാരിക രംഗത്ത് സജീവമായി. എഴുപതുകളുടെ ആദ്യത്തില്‍ മഞ്ചേരിയിലെ എം.പി.എ ഹസ്സന്‍കുട്ടി കുരിക്കളുമായുള്ള സൗഹൃദം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലേക്കെത്തിച്ചു. 1977 ല്‍ മങ്കട നിയോജക മണ്ഡലത്തില്‍ നിന്നും, 1980, 1986, 1987 വര്‍ഷങ്ങളില്‍ കുറ്റിപ്പുറം നിയോജക മണ്ഡലത്തില്‍നിന്നും നിയമസഭാംഗമായി. കേരള നിയമസഭാ ഡെപ്യൂട്ടി ലീഡറായും നിയമസഭയില്‍ മുസ്‌ലിംലീഗ് കക്ഷിയുടെ ഡെപ്യൂട്ടി ലീഡറായും സേവനമനുഷ്ഠിച്ചു. 1998 മുതല്‍ 2003 ല്‍ വേര്‍പാടു വരേ രാജ്യസഭാംഗമായിരുന്നു.

ചിട്ടയുള്ളതും സത്യസന്ധതയുള്ളതുമായിരുന്നു ആ ജീവിതം. മുസ്‌ലിംലീഗ് നേതാവ് എന്ന നിലയില്‍ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകളും പ്രസ്താവനകളും അവസരോചിതവും അര്‍ത്ഥവത്തായതുമായിരുന്നു. കൃത്യതയും വ്യക്തതയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അക്കാലത്ത് കൊരമ്പയില്‍ അഹമ്മദാജിയുടെ പ്രസ്താവനകളും പ്രസംഗങ്ങളും വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ ആവശ്യമില്ലാത്തവിധം കേള്‍വിക്കാര്‍ക്ക് വ്യക്തമായിരുന്നു. കയ്യടിക്കു വേണ്ടി കാത്തിരിക്കുകയോ, പ്രശംസാവാക്കുകള്‍ക്കായി കാതോര്‍ക്കുകയോ ചെയ്തില്ല. കാര്യങ്ങള്‍ വ്യക്തവും സത്യസന്ധവുമായി പറഞ്ഞു. സംസാരത്തിലും പ്രസംഗത്തിലും അനാവശ്യമായതൊന്നുമുണ്ടാവില്ല, എന്നാല്‍ ആവശ്യമുള്ളതൊന്നും ഒഴിവാക്കിയിട്ടുമുണ്ടാവില്ല.
വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനായി ഒട്ടേറെ സംഭാവനകള്‍ നല്‍കി അദ്ദേഹം. മമ്പാട് കോളജിന്റെ പുരോഗതിയില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. വനിതാ വിദ്യാഭ്യാസത്തിന് ഏറെ പ്രോത്സാഹനം നല്‍കി. മഞ്ചേരി യൂണിറ്റി വിമണ്‍സ് കോളജിന്റെ ശില്‍പിയുമാണ് അദ്ദേഹം. കലാരംഗത്ത് കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം പോലെ വിദ്യാഭ്യസ രംഗത്ത് മഞ്ചേരിയിലെ യൂണിറ്റി വിമന്‍സ് കോളജും അദ്ദേഹത്തിന്റെ സ്വപ്‌നവും കര്‍മവും സമ്മേളിച്ച് രൂപപ്പെട്ടതാണ്. ആ രണ്ടു സ്ഥാപനങ്ങളും കൊരമ്പയില്‍ അഹമ്മദാജിയുടെ സ്മാരകങ്ങള്‍ കൂടിയാണ്. വര്‍ഗീയതയോടും മതവിരുദ്ധതയോടും കര്‍ക്കശമായി ആശയപരമായ എതിര്‍പ്പു പ്രകടിപ്പിച്ച അദ്ദേഹം മതേതര നിലപാടുകള്‍ക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടുകയും ചെയ്തു.
കേരളത്തിന്റെ പേരിലിറങ്ങിയ സിനിമ ഏറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സാമുദായികമായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് സിനിമ എന്ന ആക്ഷേപം ഉയര്‍ന്നുവന്നു. ആക്ഷേപങ്ങളെ ന്യായീകരിക്കാന്‍ സിനിമാ നിര്‍മാതാക്കള്‍ ഉയര്‍ത്തുന്ന ന്യായവാദങ്ങളില്‍ പ്രധാനം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച മുഖ്യമന്ത്രിയായിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ അപക്വമായ പ്രസ്താവനയാണ്. ആ കമ്യൂണിസ്റ്റ് നേതാവിനോട് കാല്‍ നൂറ്റാണ്ടു മുമ്പ് കൊരമ്പയില്‍ അഹമ്മദാജി പറഞ്ഞ വാക്ക് ഇന്നും പ്രസക്തമാണ്. ‘താങ്കള്‍ കമ്യൂണിസ്റ്റായാല്‍ മതി കമ്യൂണലിസ്റ്റാവണ്ട’ എന്നതായിരുന്നു ആ വാക്കുകള്‍.

Chandrika Web: