കെ.പി ജലീല്‍ തിരുവനന്തപുരം
ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയെ കയ്യയച്ച് സഹായിക്കുന്ന പുതിയനയവുമായി മുഖ്യമന്ത്രിയും സി. പി.എമ്മും മുന്നോട്ടുവരുമ്പോള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നത് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണകള്‍.
1994 നവംബര്‍ 25ന് കണ്ണൂര്‍ജില്ലയിലെ കൂത്തുപറമ്പില്‍ മന്ത്രി എം.വി രാഘവനെ തടയാന്‍ചെന്ന സി.പി. എം പ്രവര്‍ത്തകര്‍ക്കുനേരെ വെടിവെപ്പുണ്ടായതില്‍ അഞ്ച്് ഡി.വൈ.ഐ.എഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നായിരുന്നു സി.പി.എം വാദം. ജില്ലയിലെ പരിയാരത്ത് സ്വാശ്രയമെഡിക്കല്‍ കോളജ് തുടങ്ങുന്നതിനെതിരായായിരുന്നു കൂത്തുപറമ്പിലെ സമരം. മെഡിക്കല്‍കോളജ് ആരംഭിച്ചാല്‍ അത് പാവപ്പെട്ട കുട്ടികളുടെ പഠനത്തിന് തടസ്സമാകുമെന്ന് സി.പി.എം നാടാകെ പ്രചരിപ്പിച്ചു.
സ്വകാര്യമൂലധനസംരംഭകരെ അനുകൂലിക്കുന്ന നിലപാടാണ് അതെന്നായിരുന്നു ആരോപണം. എന്നാല്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം കൊച്ചിയിലെ സി.പി.എം പാര്‍ട്ടിസമ്മേളനത്തില്‍ അവതരിപ്പിച്ച വികസനനയരേഖയില്‍ പറയുന്നതാകട്ടെ, വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യമേഖലയെ അനുവദിക്കണമെന്നും. കാലത്തിനനുസരിച്ച് പാര്‍ട്ടി മാറുകയാണെന്ന്് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്്ണനും ഇക്കാര്യം ആവര്‍ത്തിച്ചു.
ഇതോടെ എന്തിനുവേണ്ടിയായിരുന്നു പാവപ്പെട്ട ചെറുപ്പക്കാരെ കൊലയ്ക്ക് കൊടുത്തതെന്ന ചോദ്യമാണ് കണ്ണൂരിലടക്കമുള്ള പാര്‍ട്ടിസ്‌നേഹികള്‍ ആരായുന്നത്. സമ്മേളനത്തില്‍ പതിവുള്ള രാഷ്ട്രീയരേഖയ്ക്ക് പുറമെയാണ് മുഖ്യമന്ത്രിയും പി.ബി.അംഗവുമായ പിണറായിവിജയന്‍ ബുധനാഴ്ച ‘വികസനനയരേഖ’ അവതരിപ്പിച്ചത്. ഒരു പി.ബിഅംഗം സാധാരണയായി പാര്‍ട്ടികോണ്‍ഗ്രസിലാണ് ഇത്തരം രേഖകള്‍ അവതരിപ്പിക്കേണ്ടതെന്നിരിക്കെ, സംസ്ഥാനസമ്മേളനത്തില്‍ തന്റെ അപ്രമാദിത്വം പ്രകടിപ്പിക്കാനാണ് പിണറായി രേഖയുമായി വന്നതെന്നാണ് വിമര്‍ശനം.
അഖിലേന്ത്യാനേതൃത്വത്തിനാകട്ടെ ഇതിനെതിരെ പ്രതികരിക്കാനുമാവുന്നില്ല. ഇതോടെ അംഗങ്ങളുടെ ഭൂരിപക്ഷംകൊണ്ട് കേരളത്തിന്റെ വികസനരേഖ പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിക്കാന്‍ നിര്‍ബന്ധിതവുമായി. എ.കെ ആ ന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആരംഭിച്ച സ്വാശ്രയകോളജുകളാണ് ഇന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനസൗകര്യമൊരുക്കിയത്.