ചാലിയാര്‍ പുഴക്ക് കുറുകെ കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ച കൂളിമാട് പാലം നാടിന് സമര്‍പ്പിച്ചു. പാലം തുറന്നതോടെ അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായി കൂളിമാട് മാറും. കൂടാതെ ഇരുവഴിഞ്ഞി, ചാലിയാര്‍ പുഴകള്‍ക്ക് കുറുകെ സ്ഥാപിച്ച രണ്ടു പാലങ്ങളുടെ അപ്രോച് റോഡ് സംഗമിക്കുന്ന സ്ഥലമായും കൂളിമാട് ശ്രദ്ധനേടും.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം. പി മാരായ ഡോ. എം.പി അബ്ദുസമദ് സമദാനി, എം.കെ രാഘവന്‍, എളമരം കരീം, ടി.വി ഇബ്രാഹീം എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി.
കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുത്തി 21.5 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൂളിമാട് പാലത്തിന് 35 മീറ്റര്‍ നീളത്തിലുള്ള 7 സ്പാനുകളും 12 മീറ്റര്‍ നീളത്തിലുള്ള 5 സ്പാനുകളുമാണുള്ളത്. 309 മീറ്റര്‍ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പടെ 11 മീറ്റര്‍ വീതിയുമാണുള്ളത്. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 135 മീറ്റര്‍ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 30 മീറ്റര്‍ നീളത്തിലും സമീപ റോഡുകളുടെയും സര്‍വീസ് റോഡുകളുടെയും നിര്‍മ്മാണവും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്.
2019 ലെ പ്രളയത്തില്‍ ചാലിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പ്രവൃത്തി സ്ഥലം മുങ്ങിപ്പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് രൂപകല്‍പനയില്‍ മാറ്റം വരുത്തി പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് അംഗീകാരം ലഭിച്ചതിന് ശേഷമാണ് പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. പാലം യാഥാര്‍ഥ്യമാകുന്നത്തോടെ കുന്ദമംഗലം, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകും.
അതേസമയം പാലം നിര്‍മാണത്തിനിടെ ഒരു ഭാഗം തകര്‍ന്ന് വീണത് വിവാദം സൃഷ്ടിച്ചിരുന്നു.