X

കൂളിമാട് പാലം തകര്‍ന്ന സംഭവം; കാരണമറിയാന്‍ വിശദപരിശോധന വേണമെന്ന് വിജിലന്‍സ് വിഭാഗം

കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് വിജിലന്‍സ് വിഭാഗം. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം വ്യക്തമാക്കി.

അതേസമയം കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകരാനിടയാക്കിയത് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെന്ന് ആക്ഷേപം. സാധാരണ മരാമത്ത് പ്രവൃത്തികള്‍ നടക്കുമ്പോള്‍ പ്രാദേശിക തലത്തിലാണെങ്കില്‍ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും.

ഇവിടെ തൊഴിലാളികള്‍ മാത്രമല്ലാതെ മറ്റാരും സ്ഥലത്തുണ്ടാവാതിരുന്നത് ദുരൂഹമാണ്. സി.പി.എം നിയന്ത്രണത്തിലുള്ള ഊരളുങ്കല്‍ സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. അതുകൊണ്ട് തന്നെ ഭരണ സംവിധാനത്തെ സ്വാധീനിച്ചാണ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തി ല്‍ തന്നിഷ്ടപ്രകാരം പ്രവൃത്തികള്‍ നടക്കുന്നത്.

സംഭവ ശേഷം സ്ഥലത്തെത്തിയ എ.ഇ തന്നെ അപകടത്തെ കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാതെ ഉരുണ്ടുകളിക്കുകയാണുണ്ടായത്. പാലാരിവട്ടം പാലത്തിന്റെ മുകള്‍ പരപ്പിലെ കോണ്‍ക്രീറ്റ് തകര്‍ന്നപ്പോള്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കുമെതിരെ നാടൊട്ടുക്ക് പ്രചാരണം നടത്തിയവര്‍ യന്ത്രത്തകരാറെന്ന പുതിയ ന്യായീകരണവുമായിവന്നു സ്വയം പരിഹാസ്യരാവുകയാണ്.

അപകടം നടന്ന ശേഷം സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതനുസരിച്ചു 28 ദിവസമാണ് ബീമുകള്‍ ഉറയ്ക്കുന്നതിനു വേണ്ട സമയം. ഇവിടെ ഒന്നര മാസം പിന്നിട്ടിട്ടും ബീമുകള്‍ക്ക് ഉറപ്പ് വന്നിരുന്നില്ല. പാര്‍ട്ടിയും പാര്‍ട്ടി സൊസൈറ്റിയും ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് തകര്‍ന്നടിഞ്ഞു ചാലിയാറില്‍ മുങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് ആളപായം ഉണ്ടാവാതിരുന്നതെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

Chandrika Web: