ബിജിങ്: വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചുവെന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഇലക്ട്രോണിക്‌സ് കമ്പനി ഫോക്‌സ്‌കോണ്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരി മാസത്തെ വരുമാനം 11.65 ശതമാനമായി കുറഞ്ഞുവെന്നാണ് ഫോക്‌സ്‌കോണിന്റെ വെളിപ്പെടുത്തല്‍. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 13 ബില്യണ്‍ ഡോളറിന്റെ വരുമാനം ആ മാസത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കണക്കാണ്.
ഇലക്ട്രോണിക്‌സിന്റെ ഡിമാന്‍ഡ് കുറഞ്ഞതാണ് വരുമാനത്തില്‍ കുറവ് വരാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. ചൈനയിലെ ഷെങ്ഷൗ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറി കോവിഡ് മൂലമുണ്ടായ കെടുതികളില്‍ നിന്ന് കരകയറുകയാണെന്നും ഫോക്‌സോണ്‍ കൂട്ടിച്ചേര്‍ത്തു. കമ്പ്യൂട്ടിംഗ്, സ്മാര്‍ട്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ക്ലൗഡ്, നെറ്റ്‌വര്‍ക്കിംഗ് ഉത്പന്നങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് ഫോക്‌സ്‌കോണിന് തിരിച്ചടിയായതെന്നാണ് പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കുന്നത്.
എന്നിരുന്നാലും ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസത്തെ വരുമാനം പരിശോധിച്ചാല്‍ ചെറിയ തോതില്‍ വിപണി പ്രതീക്ഷ നല്‍കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ ഫോക്‌സ്‌കോണിന്റെ ഏറ്റവും വലിയ കമ്പനി സ്ഥിതി ചെയ്യുന്ന ഷെങ്ഷൗവ് നഗരം അടക്കം അടച്ചു പൂട്ടിയത് വരുമാനത്തെ ബാധിച്ചെന്നാണ് ഫോക്‌സ്‌കോണിന്റെ വിലയിരുത്തല്‍. അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഐഫോണ്‍ 14ന്റെ കയറ്റുമതി വൈകുമെന്ന് നവംബറില്‍ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഫാക്ടറിയില്‍ നടന്ന പ്രതിഷേധം ഐ ഫോണിന്റെ ഉത്പാദനം തടസപ്പെടുത്തി. ഇതും വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കാന്‍ കാരണമായെന്ന് ഫോക്‌സ്‌കോണ്‍ കൂട്ടിച്ചേര്‍ത്തു.