താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്‍. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഇയാള്‍ മരണപ്പെട്ടത്. 2011 സപ്തംബര്‍ 30 നാണ് ടോം തോമസിന്റെ മൂത്ത മകന്‍ റോയി തോമസും മരിച്ചു. 2014 ഏപ്രില്‍ 24 നാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്‍ സക്കറിയയുടെ മകന്‍ സാജു സക്കറിയയുടെ ഒരു വര്‍ഷം പ്രായമായ മകള്‍ ആല്‍ഫിന്‍ 2014 മെയ് 03ന് ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്‍ 2016 ജനുവരി 11ന് മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളിലെ സമാനതകളാണ് സംശയത്തിനിടയാക്കിയത്.
റോയി തോമസ് മരണപ്പെട്ടപ്പോള്‍ ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ പൊലീസിന്റെ നിഗമനം.
അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹം. ഇതാണ് ഹൃദയാഘാതം അല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. മരണത്തില്‍ സംശയം ഉയര്‍ത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തത്. റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്‍ശനത്തിനു വഴിവച്ചിരുന്നു.
ആദ്യം മരിച്ച അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യൂ മഞ്ചാടിയില്‍ എന്ന 68 കാരനാണ് മരണങ്ങളില്‍ ആദ്യ സംശയമുയര്‍ത്തിയത്. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു. എന്നാല്‍ സംശയമുന്നിയിച്ചതിന് പിന്നാലെ മാത്യൂവും കൊല്ലപ്പെടുകയായിരുന്നു.
ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് എം.എം. മാത്യു മഞ്ചാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ തളര്‍ന്നുവീഴുന്നത്. മരണം നടന്ന ദിവസം മാത്യു വീട്ടില്‍ തനിച്ചയിരുന്നു. മാത്യു കുഴഞ്ഞു വീണകാര്യം അയല്‍വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അയല്‍വാസികള്‍ മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു വായില്‍നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. അതേ ജോളിയെയാണ് കൂടത്തായി കേസില്‍ ഇപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.
ഒടുവില്‍ മരണപ്പെട്ട ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ സ്വത്തു തര്‍ക്ക പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് തുടര്‍ മരണങ്ങളിലെ സംശയങ്ങലിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ചിലരുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചത്.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു.
ഇതോടെ കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കാനും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു.
മരിച്ച സംഭവത്തിൽ ജോളിയേയും സയനൈഡ് നല്‍കിയ ബന്ധു മാത്യുവിനേയും സഹായിയടക്കം 3 പേരെയാണ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയ്യയേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല.