X

ജോളിയെ എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി; കണ്ടിട്ടുണ്ടെന്ന് ക്യാന്റീന്‍ ജീവനക്കാരന്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി അന്വേഷണ സംഘം എന്‍ഐടി പരിസരത്ത് തെളിവെടുപ്പ് നടത്തി. എന്‍ഐടിയുടെ ക്യാന്റീനില്‍ ജോളിയെ പല തവണ കണ്ടിട്ടുണെന്നും എന്നാല്‍, നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ ഭീംരാജ് പൊലീസിനോട് പറഞ്ഞു. എന്‍ഐടിക്ക് സമീപമുള്ള ബ്യൂട്ടി പാര്‍ലറിലും പൊലീസ് തെളിവെടുപ്പ് നടത്തി.

അതേസമയം, റഫറന്‍സില്ലാതെ ക്യാമ്പസിനകത്ത് കയറാന്‍ കഴിയില്ലെന്ന് എന്‍ഐടി രജിസ്ട്രാര്‍ വ്യക്തമാക്കി. ജോളി ക്യാമ്പസിനകത്ത് വന്നതറിയില്ലെന്നും രജിസ്ട്രാര്‍ പങ്കജാക്ഷന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോളി എത്ര തവണ ക്യാമ്പസില്‍ കയറിയെന്നത് പരിശോധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വന്നതിന് ശേഷമാണ് കാര്യങ്ങള്‍ അറിയുന്നതെന്നും രജിസ്ട്രാര്‍ പറഞ്ഞു. ഓഗസ്റ്റ് 21നാണ് അന്വേഷണ സംഘം ക്യാമ്പസിലെത്തിയത്. ജോളി എന്‍ഐടി അധ്യാപികയല്ലെന്ന് രണ്ട് മാസം മുമ്പ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നെന്നും പങ്കജാക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

തെളിവെടുപ്പിനിടെ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയെന്നാണ് സൂചന. പൊന്നാമറ്റം വീട്ടില്‍ ജോളിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിനുപയോഗിച്ച പൊട്ടാസ്യം സയനൈഡ് അടക്കമുള്ള തെളിവുകള്‍ കണ്ടെത്തിയതായാണ് സൂചന. കീടനാശിനിയുടെ കുപ്പിയും വീട്ടില്‍ നിന്ന് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് പ്രധാന കേന്ദ്രങ്ങളിലും മൂന്ന് പ്രതികളെയും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

web desk 1: