കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെജി സൈമണ്‍. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ടായിരുന്നു.
അതേസമയം, കല്ലറയില്‍ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്!റ അറിയിച്ചതായി സൈമണ്‍ അറിയിച്ചു. വിശദമായ രാസപരിശോധനാഫലം ലഭിക്കാന്‍ വേണ്ടിയാണ് ആറ് അവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്റെ മൃതദേഹത്തില്‍ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പൊലീസിന്റെ പക്കല്‍ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളില്‍ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങള്‍ മണ്ണിലഴുകിയാല്‍ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്‌കരമാണെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പൊലീസിന്റെ തീരുമാനം. തീര്‍ത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ പഴുതും അടച്ച ശേഷം മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ. ഇല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് പ്രോസിക്യൂഷന് പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതായാല്‍ കേസിലെ മിക്കവാറും എല്ലാ തെളിവുകളും പിന്നീട് ചോദ്യചിഹ്നമായി മാറും. കോടതിയില്‍ നിന്ന് തിരിച്ചടി നേരിടാതിരിക്കാന്‍ കൃത്യമായി വല നെയ്യുകയാണ് പൊലീസ്.