X

കൂടത്തായി കേസ്; ഏറ്റെടുക്കില്ലെന്ന് അഡ്വക്കേറ്റുമാര്‍; ജോളിക്ക് വേണ്ടി ആളൂരെത്തുമെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ ഭാഗം കേസ് വാദിക്കാന്‍ അഡ്വക്കേറ്റുമാര്‍ പിന്‍മാറുമ്പോള്‍ കേസ് ഏറ്റെടുക്കുമെന്ന് അഡ്വ. ബി.എ ആളൂര്‍.
കേസിലെ മുഖ്യപ്രതി ജോളിയെ രക്ഷിക്കാന്‍ ആളുര്‍ എത്തിയേക്കുമെന്നാണ് നിലവിലെ സൂചന. കേസുമായി ബന്ധപ്പെട്ട് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നെന്ന് ആളൂര്‍ പറഞ്ഞു. ഏറെ വിവാദമായ പെരുമ്പാവൂരിലെ ജിഷ വധക്കേസിലും, സൗമ്യ വധക്കേസിലുമൊക്കെ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ആളൂര്‍ ആയിരുന്നു. അന്ന് നിരവധി വിമര്‍ശനങ്ങളാണ് ആളൂര്‍ ഏറ്റുവാങ്ങിയിരുന്നത്.

ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും കേസുമായി മുന്നോട്ട് പോകും. പ്രഥമിക അന്വേഷണം അവസാനിക്കാന്‍ 15 ദിവസമെങ്കിലും വേണം. അതിനു മുമ്പ് ഒന്നും ഒന്നും പറയാന്‍ സാധിക്കില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്നും പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്നും ആളൂര്‍ പറഞ്ഞു.

സഹോദരനും രണ്ടാം ഭര്‍ത്താവ് ഷാജുവും ഉള്‍പ്പെടെയുള്ളവര്‍ ജോളിക്ക് നിയമ സഹായം നല്‍കാന്‍ ഒന്നും ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ആളൂരിനെ സമീപിച്ച ആ അടുത്ത ബന്ധു ആരാണെന്നത് വ്യക്തമല്ല.

chandrika: