കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ പുതുതായി തുടങ്ങിയ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ആദ്യ നമ്പറിനു വേണ്ടിയുള്ള ലേലം വിളിക്കെതിരെ പരാതി. കൊണ്ടോട്ടി തറയിട്ടാല്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ലേലം വിളിക്കുന്ന സമയത്ത് ഇന്റര്‍നെറ്റ് സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് അവസരം നഷ്ടപ്പെടുത്തിയതിനെ ചൊല്ലിയാണ് പരാതി. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പണം കൂട്ടി വിളിക്കാനുള്ള അധികാരം നഷ്ടപ്പെട്ടെന്ന് പരാതിക്കാരന്‍ ഉന്നയിക്കുന്നു.
കെഎല്‍ 84 0001 എന്ന നമ്പര്‍ നേരത്തെ റെക്കോര്‍ഡ് തുകയായ 9,01,000 രൂപക്ക് ബിസിനസുകാരനായ കൊണ്ടോട്ടി സ്വദേശി സ്വന്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത നമ്പറിന് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ആവശ്യക്കാര്‍ വന്നതിനാലാണ് ഓണ്‍ലൈന്‍ വഴി ലേലംവിളി നടന്നത്. രാവിലെ 10.30 ഓടെ ലേലംവിളി അവസാനിപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ലേലത്തുക കൂട്ടി വിളിക്കുകയാണെങ്കില്‍ അധിക സമയം അനുവദിക്കുമെന്നും ലേലം ഒരു മണിക്ക് അവസാനിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. പ്രസ്തുത ലേല സമയത്ത് ഇന്റര്‍നെറ്റ് സെര്‍വര്‍ തകരാറിലായതിനാല്‍ ലേലത്തുക കൂട്ടി വിളിച്ച് ലേലം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും എതിര്‍ കക്ഷിക്ക് അനുകൂലമായി ലേലം അവസാനിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.
സംസ്ഥാനത്ത് പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് വാശിയേറിയ ലേലത്തിലൂടെയായിരുന്നു ആദ്യ രജിസ്‌ട്രേഷന്‍ നമ്പര്‍ ആയ KL. 84 0001 എന്ന നമ്പര്‍ ലേലത്തില്‍ പോയത്.
നേരത്തെ ഒന്നര കോടിയുടെ മെഴ്‌സിഡീസ് ബെന്‍സ് കൂപ്പര്‍ കാറിന് മുഹമ്മദ് റഫീഖ് എന്ന ബിസിനസുകാരന്‍ ഈ സ്വപ്ന നമ്പര്‍ സ്വന്തമാക്കിയിരുന്നു. ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സര്‍ക്കാരിലേക്ക് ലഭിച്ചു. രണ്ടുപേരാണ് ലേലത്തില്‍ പങ്കെടുത്തത്.
കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ സ്വദേശി ആണ് നെണ്ടോളി മുഹമ്മദ് റഫീഖ്. റാഫ്‌മോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ആയ റഫീഖിന് ഘാനയില്‍ ബിസിനസ് സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ മാസം ഒമ്പതിനാണ് കാര്‍ റഫീഖ് വാങ്ങിയത്. ഇപ്പോള്‍ വിദേശത്തുള്ള റഫീഖിന് വേണ്ടി മരുമകന്‍ ഷംസീര്‍ സി.എം ആണ് കാര്‍ വാങ്ങിയതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും.