കൊണ്ടോട്ടി കൊട്ടുക്കരയില്‍ കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അക്രമിയുടെ കയ്യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിലേക്ക് പെണ്‍കുട്ടി ഓടിയെത്തിയത് അര്‍ദ്ധനഗ്നയായിട്ടായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
സംഭവ സമയം പെണ്‍കുട്ടിയുടെ ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടി വായില്‍ ഷാള്‍ തിരുകിയ നിലയിലായിരുന്നു പെണ്‍കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്നും അയാളെ ഇതിനു മുമ്പ് കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതായി ദൃക്‌സാക്ഷി പറഞ്ഞു. വെളുത്ത് തടിച്ച് മീശയും താടിയുമില്ലാത്ത ആളാണ് പ്രതിയെന്ന് അക്രമത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു.
അതിനിടെ പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായി മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടില്‍ നിന്ന് കൊട്ടുക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കോളജ് വിദ്യാര്‍ഥിനിയായ യുവതിയെ വയലിലേക്ക് വലിച്ചുകൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ചു കീഴ്പ്പെടുത്തി. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി കൊട്ടുക്കര അങ്ങാടിയിലേക്ക് വരുന്നതിനിടെ വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നില്‍കക്കുകയായിരുന്നു അക്രമി. തുടര്‍ന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തി സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അക്രമി കല്ലുകൊണ്ട് തലക്കിടിച്ചു വീഴ്ത്തി. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിച്ചെന്ന് അഭയം തേടുകയായിരുന്നു.
പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് സംഭവം നടന്ന സ്ഥലത്തുനിന്ന് കിട്ടിയിട്ടുണ്ട്. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് നായ കൊട്ടുക്കര ബസ് സ്റ്റോപ്പു വരെ മണംപിടിച്ചെത്തി. ഇതോടെ പ്രതി ബസില്‍ കയറി രക്ഷപ്പെട്ടെന്ന് കരുതുന്നു. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ എംസി പ്രമോദാണ് കേസന്വേഷിക്കുന്നത്.