X
    Categories: NewsSportsViews

കംപനിയുടെ കിടിലൻ ഗോളിൽ സിറ്റി; പ്രീമിയർ ലീഗിൽ അടുത്തയാഴ്ച തീരുമാനമാകും

ലണ്ടൻ: നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ വീഴ്ത്തിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അവസാന റൗണ്ട് ഫോട്ടോഫിനിഷിന് സാക്ഷ്യം വഹിക്കുമെന്നുറപ്പായി. ക്യാപ്ടൻ വിൻസന്റ് കംപനി ബോക്‌സിനു പുറത്തുനിന്ന് നേടിയ തകർപ്പൻ ഗോളിലാണ് സിറ്റി 37-ാം മത്സരം ജയിച്ചു കയറിയത്. ഇതോടെ ലിവർപൂളിനെ പിന്തള്ളി പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ പെപ് ഗ്വാർഡിയോളയുടെ ടീമിനായി.

ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ ലെസ്റ്റർ ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സിറ്റി വിജയം പിടിച്ചെടുത്തത്. ഗോളെന്നുറച്ച അവസരങ്ങളിൽ ലെസ്റ്റർ കീപ്പർ കാസ്പർ ഷ്‌മൈക്കൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ കളി സമനിലയിൽ അവസാനിച്ചേക്കുമെന്ന് കരുതി. എന്നാൽ 70-ാം മിനുട്ടിൽ ബോക്‌സിനു പുറത്തുനിന്ന് വിൻസന്റ് കംപനി പായിച്ച ലോങ് റേഞ്ചർ ക്രോസ്ബാറിന്റെ അടിയിലുരുമ്മി വലയിൽ തുളച്ചുകയറുകയായിരുന്നു. കരിയറിൽ ആദ്യമായാണ് കംപനി ബോക്‌സിനു പുറത്തുനിന്ന് ഗോൾ നേടുന്നത്.

ഒരു മത്സരം കൂടി ശേഷിക്കേ 95 പോയിന്റാണ് ഒന്നാം സ്ഥാനക്കാരായ സിറ്റിക്കുള്ളത്. 94 പോയിന്റുമായി തൊട്ടുപിന്നിൽ ലിവർപൂളുണ്ട്. അടുത്ത ഞായറാഴ്ച ബ്രൈറ്റൻ ആന്റ് ഹോവേഴ്‌സിനെതിരെ അവരുടെ തട്ടകത്തിലാണ് സിറ്റിയുടെ മത്സരം. ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ വോൾവറാംപ്ടൺ വാണ്ടറേഴ്‌സിനെയും നേരിടും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: