X

ജയം തുടരാന്‍ കൊമ്പന്മാര്‍ ഇന്ന് കൊച്ചിയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയില്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് കൊമ്പന്മാര്‍ ഇന്ന് എഫ്‌സി ഗോവയെ നേരിടാനിറങ്ങും.

തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം, കരുത്തരായ ചെന്നൈയിന്‍ എഫ്സിയെ തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയത്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ഗംഭീരവിജയമാണ് കൊമ്പന്മാര്‍ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജീസസ് ജിമിനസും നോഹ സദൗയ്യും മലയാളി താരം രാഹുല്‍ കെ പിയും ആണ് ഗോളടിച്ചത്.

പ്രതിരോധത്തിലും ഒത്തിണക്കം പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ആദ്യമായി ഗോള്‍ വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കി. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പ്രകടനവും നിര്‍ണായകമായി. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി പട്ടികയില്‍ ഒന്‍പതാമതാണ് മൈക്കല്‍ സ്റ്റാറേയുടെ സംഘം.

ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ ഇറങ്ങിയ ടീമില്‍ കാര്യമായ മാറ്റം വരുത്താന്‍ കോച്ച് സ്റ്റാറേ തയ്യാറാവാന്‍ സാധ്യതയില്ല. മുന്നേറ്റത്തില്‍ സദൗയ്യും ജീസസ് ജിമിനിസും മികച്ച ഫോമിലാണ്. മധ്യനിരയില്‍ നായകന്‍ അഡ്രിയാന്‍ ലൂണ, വിപിന്‍ മോഹന്‍, കോറോ സിങ്, ഫ്രെഡി ലല്ലമാവിയ എന്നിവര്‍ക്കും മാറ്റമുണ്ടായേക്കില്ല. മിലോസ് ഡ്രിന്‍സിച്ച്, സന്ദീപ് സിങ്, ഹോര്‍മിപാം, നവോച സിംഗ് എന്നിവര്‍ തന്നെയാകും പ്രതിരോധക്കോട്ട കാക്കാന്‍ ഇറങ്ങുക. ചെന്നൈയിനെതിരെ നിര്‍ണായക പ്രകടനം പുറത്തെടുത്ത സച്ചിന്‍ സുരേഷ് തന്നെയാകും ഗോവയ്‌ക്കെതിരെയും ഗോള്‍വലയ്ക്ക് മുന്നിലുണ്ടാവുക.

മറുവശത്ത് ഇന്ത്യന്‍ ടീം കോച്ച് മനോലോ മാര്‍ക്വസ് പരിശീലിപ്പിക്കുന്ന ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനക്കാരാണ് ഗോവ. ബെംഗളൂരു എഫ്സിയെയും പഞ്ചാബ് എഫ്സിയെയും പരാജയപ്പെടുത്തിയാണ് ഗോവ എത്തുന്നത്. സീസണില്‍ എട്ട് ഗോള്‍ നേടി അര്‍മാന്‍ഡോ സാദിക്കുവാണ് ഗോവന്‍ പടയുടെ വജ്രായുധം. ഡെയാന്‍ ഡ്രാന്‍സിച്ച്, ബോര്‍ഹ ഹെരേര എന്നിവരും ഗോവയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. പഞ്ചാബിനെതിരെ കളിച്ച ടീമിനെ തന്നെയാകും മനോലോ മാര്‍ക്വസ് കളത്തിലിറക്കുക.

 

 

webdesk13: