X

കൊല്ലത്ത് വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: സി.പി.എം നേതാവ് ഒളിവില്‍

കൊല്ലം: തേവലക്കരയില്‍ വിദ്യാര്‍ത്ഥി മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ സി.പി.എം നേതാവ് ഒളിവില്‍. സി.പി.എം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിളളയാണ് ഒളിവില്‍ പോയത്. മകളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്യാന്‍ സംഭവ ദിവസം സരസന്‍ പിളള രഞ്ജിത്തിന്റെ വീട്ടില്‍ പോയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

കേസില്‍ അന്വേഷണം സി.ഐക്ക് കൈമാറിയിട്ടുണ്ട്. ചവറ സി.ഐ ചന്ദ്രദാസിനാണ് അന്വേഷണ ചുമതല. അതേസമയം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിച്ചു. ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഫെബ്രുവരി പതിനാലിനായിരുന്നു രഞ്ജിത്തിനെ ജില്ലാ ജയില്‍ വാര്‍ഡനായിരുന്ന വിനീതും സംഘവും വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചത്. തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികളില്‍ ചികിത്സ തേടിയ രഞ്ജിത്ത് രണ്ട് ദിവസം മുമ്പ് മരിച്ചു. തലക്ക് പിന്നിലേറ്റ ഗുരുതരമായ പരിക്കും തലച്ചോറിലെ രക്തസ്രാവവും മരണത്തിന് കാരണമായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

രഞ്ജിത്തിനെ മര്‍ദിച്ച സംഘത്തില്‍ ആറുപേരുണ്ടായിരുന്നുവെന്നാണ് സാക്ഷിമൊഴി. ഇതില്‍ അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയും ഉള്‍പ്പെടുന്നുണ്ട്. കേസ് ചവറ സി.ഐ ചന്ദ്രദാസിന് കൈമാറി. കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

chandrika: