X

സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് പ്രസവാനന്തരം കുഞ്ഞുങ്ങള്‍ മാറി; തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന

1 week old pre-mature twin girls

കൊല്ലം: കൊല്ലത്ത് സ്വകാര്യ ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന നടത്തി. കൊല്ലം മയ്യനാടുകാരായ അനീഷ്-റംസി ദമ്പതികളുടെയും ഉമയനെല്ലൂര്‍ സ്വദേശികളായ നൗഷാദ്-ജസീറ ദമ്പതികളുടെ കുഞ്ഞുങ്ങളാണ് ആസ്പത്രി അധികൃതരുടെ അനാസ്ഥയില്‍ പരസ്പരം മാറിയത്. പ്രസവത്തിനു ശേഷം കുഞ്ഞുങ്ങള്‍ മാറിപ്പോവുകയും മാസങ്ങളോളം രണ്ടു ദമ്പതികളും തങ്ങളുടേതല്ലാത്ത കുട്ടികളെ വളര്‍ത്തുകയുമായിരുന്നു. രക്ത ഗ്രൂപ്പിലെ വ്യത്യാസമാണ് ഇരുദമ്പതികള്‍ക്കും കുട്ടികള്‍ തങ്ങളുടേതല്ലെന്ന സംശയത്തിനിടയാക്കിയത്. പിഴവ് അംഗീകരിക്കാന്‍ ആസ്പത്രി അധികൃതര്‍ തയാറാവാത്തതിനെത്തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപ്പെട്ടാണ് ഡിഎന്‍എ പരിശോധനക്ക് നിര്‍ദേശിച്ചത്.


ആഗസ്ത് 22 രാവിലെയാണ് റംസിയും ജസീറയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലേബര്‍ റൂമില്‍ വാങ്ങി നല്‍കിയ പച്ച ടവ്വലിന് പകരം റംസിക്ക് ലഭിച്ചത് മഞ്ഞ ടവ്വലില്‍ പൊതിഞ്ഞ കുഞ്ഞിനെയായിരുന്നു. ജസീറക്കാകട്ടെ പച്ച ടവ്വലില്‍ പൊതിഞ്ഞ കുഞ്ഞും. കുഞ്ഞിനെ മാറിയതായി റംസിയുടെ മാതാവ് ധരിപ്പിച്ചെങ്കിലും ഡോക്ടര്‍ ദേഷ്യപ്പെടുകയായിരുന്നു. നാലു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ദമ്പതികള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി.
റംസിയുടെ കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസ്റ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രതിരോധ കുത്തിവെപ്പിനായി ചെന്നപ്പോള്‍ നടത്തിയ രക്ത പരിശോധനയില്‍ എ ഗ്രൂപ്പാണെന്ന് കണ്ടതോടെ വീണ്ടും ആസ്പത്രി അധികൃതരെ സമീപിച്ചു. എന്നാല്‍ ഇവര്‍ കയ്യൊഴിഞ്ഞതോടെ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാരുടെ മുമ്പാകെ കുഞ്ഞുങ്ങളെ ദമ്പതികള്‍ പരസ്പരം കൈമാറി. സംഭവത്തില്‍ ആസ്പത്രി അധികൃതരുടെ അനാസ്ഥക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവം സിനിമാ കഥയെ വെല്ലുന്നതാണെന്ന് ശിശുക്ഷേമ പ്രവര്‍ത്തകര്‍ പറഞ്ഞു.

chandrika: