കൊല്ലം: ഒരുവര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി. വിസ്മയയെ (24) ശൂരനാട് പോരുവഴിയിലെ ഭര്‍തൃവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു.
ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാറിന്റെ ഭാര്യയായ വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞവര്‍ഷം മേയ് 31 ന് ആയിരുന്നു ഇവരുടെ വിവാഹം.
ഭര്‍തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് ഇന്നലെ വിസ്മയ ബന്ധുവിന് വാട്‌സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകള്‍ ചിത്രത്തിലുണ്ട്. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് വിസ്മയയുടെ മരണം. നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളാണ് എസ്.വി.വിസ്മയ.
ശൂരനാട് പൊലീസാണ് കേസന്വേഷിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ മൊഴിയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും.