കോഴിക്കോട് : കൊല്ലം കടക്കല്‍ സംഭവം -വ്യാജ പരാതിയെ സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനായും സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ ജനം ടി.വി, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ കര്‍മ്മ ന്യൂസ്, ബി.ജെ.പി ദേശീയ വക്താവ് അനില്‍ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണം. പി.കെ ഫിറോസ് ഡി.ജി.പിക്ക് പരാതി നല്‍കി.
പരാതിയുടെ പൂര്‍ണ്ണ രൂപം
27.09.2023
To,
ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്,
പോലീസ് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ്
തിരുവനന്തപുരം
സര്‍,
വിഷയം :- കൊല്ലം കടക്കല്‍ സംഭവം – സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനായും സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കുന്നത് സംബന്ധിച്ച്
കൊല്ലം കടക്കലില്‍ ജവാനെ തടഞ്ഞ് നിര്‍ത്തി ബന്ധസ്ഥനാക്കി വായ് മൂടിയ ശേഷം മര്‍ദ്ദിച്ച് മുതുകത്ത് പി.എഫ്.ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നിരോധിത സംഘടനയുടെ ചുരുക്കപ്പേര്) എന്ന് മുദ്രകുത്തി എന്ന രീതിയില്‍ ഒരു സൈനികന്‍ പരാതി നല്‍കുകയുണ്ടായി. 2023 സെപ്തംബര്‍ 26ന് ചൊവ്വാഴ്ചയാണ് ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്നത്. എന്നാല്‍ പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ ഉള്ള പോലീസ് അന്വേഷണത്തില്‍ പരാതി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാകുകയും ഉണ്ടായി.
സംഭവത്തിന്റെ നിജസ്ഥിതി വെളിവാകുന്നതിന് മുന്നേ ഈ വിഷയം മാധ്യമങ്ങളില്‍ വാര്‍ത്ത ആയ ഉടനെ തന്നെ പ്രസ്തുത വിഷയത്തെ സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനായും സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് അപേക്ഷി്ക്കുന്നു.
ജനം ടി.വി, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ കര്‍മ്മ ന്യൂസ്, ബി.ജെ.പി ദേശീയ വക്താവ് അനില്‍ ആന്റണിയുടെ ട്വിറ്റര്‍ , ANI channelന് നല്‍കിയ ബൈറ്റ്, പ്രതീഷ് വിശ്വനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്നിവ ഈ സംഭവത്തെ സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ആക്കം കൂട്ടുന്നതാണ്. ഇവര്‍ക്കെതിരെ IPC 153A പ്രകാരവും മറ്റ് ഉചിതമായ വകുപ്പുകള്‍ ചേര്‍ത്തും കേസെടുക്കണമെന്ന് അപേക്ഷിക്കുന്നു.