X

കൊല്‍ക്കത്താ ത്രില്ലര്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 169 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് മുന്‍ ചാമ്പ്യന്മാര്‍ സീസണിലെ നാലാം ജയം സ്വന്തമാക്കിയത്.

നേരത്തെ യൂസുഫ് പഠാന്‍ (59), മനീഷ് പാണ്ഡെ (69 നോട്ടൗട്ട്) എന്നിവര്‍ നാലാം വിക്കറ്റില്‍ ചേര്‍ത്ത 110 റണ്‍സാണ് കൊല്‍ക്കത്ത ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അവസാന ഓവറിലെ സമ്മര്‍ദ ഘട്ടത്തില്‍ അമിത് മിശ്രയെ സിക്‌സറിനു പറത്തി വിജയമുറപ്പിച്ച മനീഷ് പാണ്ഡെയാണ് കളിയിലെ കേമന്‍.
40 ഡിഗ്രി സെല്‍ഷ്യസിലധികം ചൂടുള്ള അന്തരീക്ഷത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്ടന്‍ സഹീര്‍ ഖാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷഹബാസ് നദീമിന് പകരം മുഹമ്മദ് ഷമിയും കോറി ആന്‍ഡേഴ്‌സന് പകരം എയ്ഞ്ചലോ മാത്യൂസും പ്ലെയിങ് ഇലവനില്‍ ഇടംനേടി.
കൊല്‍ക്കത്തക്കു വേണ്ടി അരങ്ങേറുന്ന നതാന്‍ കൗള്‍ട്ടര്‍നെയ്‌ലിനെ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറിയടിച്ച് സഞ്ജു സാംസണ്‍ (39) കൂറ്റന്‍ സ്‌കോറിലേക്കുള്ള സൂചന നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ ആതിഥേയരെ 168-ല്‍ കുരുക്കുകയായിരുന്നു. സാം ബില്ലിങ്‌സ് (21), കരുണ്‍ നായര്‍ (21), ശ്രേയസ് അയ്യര്‍ (26) എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. അവസാന ഘട്ടത്തില്‍ ഋഷഭ് പന്ഥും (16 പന്തില്‍ 38) ക്രിസ് മോറിസും (9 പന്തില്‍ 16) നടത്തിയ ആക്രമണാത്മക ബാറ്റിങാണ് ഡല്‍ഹിയെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചത്. 4 ഓവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി കൗള്‍ട്ടര്‍നീല്‍ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ ക്രിസ് വോക്‌സ്, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങില്‍ 21 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ നിന്നാണ് യൂസുഫ് പഠാന്റെയും (59) മനീഷ് പാണ്ഡെയുടെയും അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ സന്ദര്‍ശകര്‍ കരകയറിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപണ്‍ ചെയ്ത സുനില്‍ നരെയ്‌ന് പകരം ഇന്നിങ്‌സ് തുടങ്ങിയ കോളിന്‍ ഡെ ഗ്രാന്റോം (1) ആദ്യ ഓവറില്‍ സഹീര്‍ ഖാന്റെ പന്തില്‍ മാത്യൂസിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ റോബിന്‍ ഉത്തപ്പയെ (4) പാറ്റ് കമ്മിന്‍സ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഗൗതം ഗംഭീറിനെ (14) കൂടി സഹീര്‍ മടക്കിയപ്പോള്‍ കൊല്‍ക്കത്ത പരാജയം മണത്തെങ്കിലും യൂസുഫിന്റെയും പാണ്ഡെയുടെയും സെഞ്ച്വറി കൂട്ടുകെട്ട് ഡല്‍ഹിയുടെ കൈകളില്‍ നിന്ന് മത്സരം റാഞ്ചി. മോറിസിനെ ഉയര്‍ത്തിയടിക്കാനുള്ള യൂസുഫിന്റെ ശ്രമം കോട്ട് ആന്റ് ബൗള്‍ഡ് ആയെങ്കിലും അവസരോചിതമായ ബാറ്റിങോടെ പാണ്ഡെ ടീമിനെ വിജയതീരമടുപ്പിച്ചു.അവസാന ഓവറുകളിലെ അവധാനതയോടെയുള്ള ബാറ്റിങ് കൊല്‍ക്കത്ത നിരയില്‍ സമ്മര്‍ദമുയര്‍ത്തിയെങ്കിലും അമിത് മിശ്ര എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്‌സറിനു പറത്തി പാണ്ഡെ സമ്മര്‍ദമകറ്റി.
ഡല്‍ഹിക്കു വേണ്ടി സഹീര്‍ ഖാന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഹൈദരാബാദ് രാജീവ്ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന രാത്രി പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 159 റണ്‍സാണ് നേടിയത്. നല്ല തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. സ്‌ക്കോര്‍ 25 ല്‍ ശിഖര്‍ ധവാനും 50 ല്‍ ഹെന്‍ട്രികസും അതേ സ്‌ക്കോറില്‍ യുവരാജും പുറത്തായപ്പോള്‍ വന്‍ സമ്മര്‍ദ്ദത്തിലായിരുന്നു നായകന്‍ ഡേവിഡ് വാര്‍ണര്‍. പതിവ് ശൈലിയിലുള്ള ആക്രമണത്തിന് നില്‍ക്കാതെ അദ്ദേഹം പക്വമതിയായി. നമാന്‍ ഒജയെ കൂട്ടുപിടിച്ചാണ് സ്‌ക്കോര്‍ നായകന്‍ ഉയര്‍ത്തിയത്. 20 പന്തില്‍ 34 റണ്‍സുമായി ഒജ പുറത്തായശേഷം ആക്രമണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത വാര്‍ണര്‍ പുറത്താവാതെ 54 പന്തില്‍ നിന്നും 70 റണ്‍സ് നേടി. പഞ്ചാബ് ബൗളിംഗില്‍ മോഹിത് ശര്‍മയും അക്ഷര്‍ പട്ടേലും രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഹാഷിം അംലയെ പഞ്ചാബിന് നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം. ക്യാപ്റ്റന്‍ മാക്‌സ്‌വെലിന്റെ ശനിദശ തുടര്‍ന്നു. പത്ത് റണ്‍സാണ് അദ്ദേഹം നേടിയത്. ഇയാന്‍ മോര്‍ഗന്‍ (13), മില്ലര്‍ (1) സാഹ (0) എന്നിവരെല്ലാം പുറത്തായപ്പോഴും ഓപ്പണര്‍ വോറ അര്‍ദ്ധ സെഞ്ച്വറിയുമായി പ്രതീക്ഷ കാത്തു. പക്ഷേ അവസാനത്തില്‍ വോറ മടങ്ങിയപ്പോള്‍ ആറ് പന്തില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു. പക്ഷേ രണ്ട് പന്ത് ബാക്കി നില്‍ക്കെ അവസാന വിക്കറ്റ് വീണു.

chandrika: