X

കൊളംബോ സ്‌ഫോടനം; മരണം 160 കടന്നു; മരിച്ചവരില്‍ കാസര്‍കോഡ് സ്വദേശിയും

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 160-ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേറ്റതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, രാവിലെയുണ്ടായ ആറ് സ്‌ഫോടനങ്ങളിലായി 160ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ലങ്കയിലെ സ്‌ഫോടനത്തില്‍ ഒരു മലയാളി കൊലപ്പെട്ടതായി വിവരമുണ്ട്. കാസര്‍ഗോഡ് മെഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീന ആണ് മരിച്ചത്. ശ്രീലങ്കയില്‍ ഉള്ള ബന്ധുക്കളെ കാണാനായാണ് ഇവര്‍ കൊളംബോയിലെത്തിയത്.

കൊളംബോയിലെ ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്‌ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിശദാംസങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ.

സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ദെയവാലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലെന്ന നിലയില്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

കൊളംബോയിലും ബറ്റാലിയയിലുമുണ്ടായ സ്‌ഫോടനങ്ങളിലെ സ്ഥിതിഗതികള്‍ കൂടുതല്‍ നിരീക്ഷിച്ചുവരികായാണെന്ന് വിദേകാര്യ മന്ത്രി സുശമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാന്‍ കോള്‍ സെന്റര്‍ തുറന്നു. സഹായത്തിനായി താഴെപ്പറയുന്നവയെ വിളിക്കാം:
+94777903082 +94112422788 +94112422789
+94777902082 +94772234176

chandrika: