X

‘ശമ്പളം നല്‍കിയില്ല’ ; ജീവനക്കാര്‍ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചുതകര്‍ത്തു

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് ജീവനക്കാര്‍ അടിച്ചുതകര്‍ത്തു. ഐഫോണ്‍ നിര്‍മിക്കാന്‍ ആപ്പിള്‍ കരാര്‍ നല്‍കിയ തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണിന്റെ പ്ലാന്റാണ് ശനിയാഴ്ച ഒരുസംഘം അസംതൃപ്തരായ ജീവനക്കാര്‍ ആക്രമിച്ചത്. രണ്ട് മാസത്തിലേറെയായി വിസ്‌ട്രോണ്‍ കോര്‍പ്പ് പലര്‍ക്കും വേതനം നല്‍കിയിട്ടില്ലെന്നും ജോലി അധികമാണെന്നും ജീവനക്കാര്‍ പറഞ്ഞു.

കോലാറിലെ പ്ലാന്റിന് പുറത്ത് ആയിരത്തിലധികം ജീവനക്കാരാണ് ഒത്തുകൂടി ആക്രമിച്ചത്. ശമ്പളം നല്‍കാത്തതിന്റെ പേരില്‍ നേരത്തെ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഫാക്ടറി തൊഴിലാളികളെ അമിതമായി ജോലി ചെയ്യിപ്പിക്കുന്നതായും ഫാക്ടറീസ് നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായും ജീവനക്കാര്‍ ആരോപിച്ചു.

പുലര്‍ച്ചെ ജോലി കഴിഞ്ഞിറങ്ങിയ ജീവനക്കാര്‍ ഒത്തുകൂടിയാണ് കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞത്. കമ്പനിയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ടു. അക്രമം വ്യാപകമായതോടെ പൊലീസെത്തി ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. രാവിലെ ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കോലാര്‍ എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. പ്ലാന്റില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കൃത്യസമയത്ത് വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ മാനേജ്‌മെന്റിന് നിരവധി തവണ നിവേദനം നല്‍കിയതായി ജീവനക്കാര്‍ ആരോപിച്ചു. പ്രതിമാസം 12,000 രൂപ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ഫാക്ടറീസ് ആക്റ്റ് അനുസരിച്ച്, ജോലി സമയം പ്രതിദിനം 8 മണിക്കൂര്‍ ആണ്. എന്നാല്‍ കമ്പനി തങ്ങളെ 12 മണിക്കൂര്‍ ജോലിചെയ്യിപ്പിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ആരോപിച്ചു.

 

Test User: