മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. തന്റെ ദീപാവലി സന്ദേശത്തില്‍ പടക്കം പൊട്ടിക്കുന്നതിനെതിരെ കോഹ്‌ലി ബോധവല്‍ക്കരണം നടത്തിയരുന്നു. എന്നാല്‍ അതിന്റെ പേരില്‍ കോഹ്‌ലിയെ രൂക്ഷമായി വിമര്‍ശിച്ച രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍, ക്യാപ്റ്റന്റെ വാക്കിന് യാതൊരു വിലയും കൊടുക്കാതെ പൂത്തിരിയൊക്കെ കത്തിച്ച് ദീപാവലി ആഘോഷിച്ച ശിവം ദുബെയുടെ ചിത്രങ്ങള്‍ കാണിച്ചാണ് കോഹ്‌ലിക്കെതിരെയുള്ള വിമര്‍ശന പെരുമഴ.
ഐപിഎല്‍ 13ാം സീസണ്‍ പൂര്‍ത്തിയായതിനു പിന്നാലെ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി സിഡ്‌നിയിലെത്തിയെങ്കിലും, ടീമില്‍ ഇടം ലഭിക്കാതിരുന്ന ദുബെ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെയാണ് നാട്ടില്‍ത്തന്നെ ദീപാവലി ആഘോഷിക്കാന്‍ ദുബെയ്ക്ക് അവസരം ഒരുങ്ങിയത്. വിരാട് കോഹ്‌ലി ദീപാവലി സന്ദേശത്തില്‍ പടക്കവും പൂത്തിരിയുമൊക്കെ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തിയെങ്കിലും അതൊന്നും ദുബെ അറിഞ്ഞ മട്ടില്ല.
ഓസ്‌ട്രേലിയയില്‍നിന്നുള്ള ദീപാവലി സന്ദേശത്തിലാണ് പ്രകൃതിയോടുള്ള കരുതലിന്റെ പേരില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമുള്ള ആഘോഷങ്ങളെ കോഹ്‌ലി നിരുത്സാഹപ്പെടുത്തിയത്. ‘നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദ്യമായ ദീപാവലി ആശംസകള്‍. ഈ ദീപാവലി നാളില്‍ ദൈവം എല്ലാവര്‍ക്കും സമാധാനവും സമ്പത്തും സന്തോഷവും പ്രദാനം ചെയ്യട്ടെ. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കൂ. മധുരവും ചിരാതുമായി പ്രിയപ്പെട്ടവര്‍ക്കൊപ്പം ലളിതമായി ഈ ദിനം ആഘോഷിക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തില്‍ കോലി പറഞ്ഞു.
ഇതിനു പിന്നാലെയാണ് പൂത്തിരിയൊക്കെ കത്തിച്ച് ദീപാവലി ആഘോഷിക്കുന്ന ചിത്രം ശിവം ദുബെ ട്വിറ്ററില്‍ പങ്കുവച്ചത്. പടക്കം പൊട്ടിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയ കോഹ്‌ലിയെ ആരാധകര്‍ വിമര്‍ശിക്കുമ്പോഴാണ് ദുബെയുടെ ആഘോഷ ചിത്രങ്ങള്‍ ട്വിറ്ററില്‍ വന്നത്. ഇതോടെ കോഹ്‌ലിയെ ട്രോളാനും അവര്‍ ഈ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി. ‘വെറുതെയല്ല റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കിരീടം കിട്ടാത്തത്’ എന്നാണ് കൂട്ടത്തില്‍ ഒരു ട്രോള്‍. ക്യാപ്റ്റന്‍ പറയുന്നത് താരങ്ങള്‍ അനുസരിച്ചാലല്ലേ ഇതൊക്കെ നടക്കൂ എന്ന് തന്നെ ചുരുക്കം!