വിശാഖപട്ടണം: നായകന്‍ വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് നേട്ടം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ കോലി 129 പന്തില്‍ പുറത്താകാതെ 157 റണ്‍സ് 37-ാം സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യ 321 റണ്‍സാണ് അടിച്ചുകൂട്ടിയത് അമ്പാട്ടി റായുഡുവിന്റെ (73) ബാറ്റിങും ഇന്ത്യക്ക് നിര്‍ണായകമായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രോഹിത് ശര്‍മയെ (4) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ കോലി കളി ആതിഥേയരുടെ വഴിയിലേക്കു കൊണ്ടുവരികയായിരുന്നു. ടീം സ്‌കോര്‍ 40-ല്‍ നില്‍ക്കെ ശിഖര്‍ ധവാന്‍ (29) പുറത്തായെങ്കിലും കോലി-റായുഡു സഖ്യം ഇന്ത്യയെ 179-ലെത്തിച്ചു. റായുഡു പുറത്തായതിനു ശേഷം എം.എസ് ധോണി (20), ഋഷഭ് പന്ത് (17), രവീന്ദ്ര ജഡേജ (13) എന്നിവരെ കൂട്ടുപിടിച്ചാണ് കോലി ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചത്. നായകനൊപ്പം മുഹമ്മദ് ഷമി (0) പുറത്താകാതെ നിന്നു.
205 ഇന്നിങ്‌സില്‍ നിന്നാണ് 10,000 എന്ന മാന്ത്രിക സംഖ്യ കോലി പിന്നിട്ടത്. കുറഞ്ഞ പന്തുകളിലും മികച്ച ശരാശരിയിലും ഈ നാഴികക്കല്ല് പിന്നിടുന്ന ബാറ്റ്‌സ്മാനായി കോലി. 9000-ല്‍ നിന്ന് 10000-ലെത്താന്‍ വെറും 11 ഇന്നിങ്‌സ് മാത്രമേ അദ്ദേഹത്തിന് വേണ്ടിവന്നുള്ളൂ.
ആദ്യ ഏകദിനത്തില്‍ വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്ത് 322 റണ്‍സ് നേടിയിരുന്നെങ്കിലും കോലിയുടെയും രോഹിത് ശര്‍മയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ അനായാസം ചേസ് ചെയ്തിരുന്നു.