വിശാഖപ്പട്ടണം: 246 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഈ മിന്നും ജയത്തിന് അവകാശി മറ്റാരുമല്ല, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു സെഞ്ച്വറിയുള്‍പ്പെടെ 248 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്. കോഹ്ലിക്കാണ് മാന്‍ഓഫ് ദ മാച്ച് പുരസ്‌കാരവും. ടെസ്റ്റില്‍ മൂന്നാമത്തെ മാന്‍ഓഫ് ദ മാച്ച് പുരസ്‌കാരമാണ് കോഹ്ലിയുടേത്.
എന്നാല്‍ ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ മാന്‍ഓഫ് ദ മാച്ച് പുരസ്‌കാരമാണ് കോഹ്‌ലി വിശാഖപ്പട്ടണത്ത് സ്വന്തമാക്കിയത്. ഇതാണ് പ്രത്യേകതയും. മറ്റൊരു രസകരമായ കണക്ക് ഇന്ത്യ ജയിച്ചതും കോഹ്ലിയുടെ റണ്‍സും തമ്മിലുള്ള അന്തരമാണ്. 246 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കോഹ്ലി നേടിയത് 248 റണ്‍സും. റണ്‍സ് ശരാശരിയില്‍ ഇംഗ്ലണ്ടിനെതിരെ നേടുന്ന മികച്ച വിജയം കൂടിയാണ് വിശാഖപ്പട്ടണത്ത് ഇന്ത്യ സ്വന്തമാക്കിയത്.
കോഹ്‌ലിയുടെ ഫോമിനനുസരിച്ചാണ് ഇന്ത്യയുടെ റണ്‍സെന്ന പതിവ് പല്ലവിക്ക് അടിവര ഇടുന്നത് കൂടിയായി ഈ മത്സര ഫലവും. ആദ്യ ഇന്നിങ്‌സില്‍ 267 പന്തില്‍ നിന്ന് 18 ഫോറിന്റെ അകമ്പടിയോടെയാണ് കോഹ്ലി 167 റണ്‍സ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 81 റണ്‍സാണ് കോഹ്ലി നേടിയത്. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറിയിലേക്ക് നീങ്ങിയ കോഹ്ലിയെ ഉജ്വല ക്യാച്ചിലൂടെ ബെന്‍സ്റ്റോക്ക് പുറത്താക്കുകയായിരുന്നു.