ന്യൂഡല്‍ഹി: കരിയറിന്റെ ഉന്നതിയിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടനെതിരെ വിശാഖപ്പട്ടണത്ത് നടന്ന ടെസ്റ്റിലെ സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കാണ് കോഹ്ലി കയറിയത്. എന്നാല്‍ രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലെ ‘ചെയ്തി’യാണ് ഇപ്പോള്‍ ക്യാപ്റ്റനെ തിരിഞ്ഞുകുത്തുന്നത്.
പന്ത് തുപ്പല്‍ കൊണ്ട് മിനുസപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പന്തില്‍ തുപ്പല്‍ പുരട്ടുമ്പോള്‍ ഇന്ത്യന്‍ നായകന്റെ വായില്‍ ബബ്ലിക്കം ഉണ്ടെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ താരത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇംഗ്ലീഷ് മാധ്യമങ്ങളും ഇതെ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ പിഴക്ക് പുറമെ മത്സരത്തില്‍ നിന്ന് വിലക്ക് വരെ ലഭിച്ചേക്കാം.
ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിനിടയില്‍ പന്തില്‍ കൃത്രിമം കാണിച്ചതിന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡ്യൂപ്ലസിസിന് മാച്ച് ഫീയുടെ നൂറ് ശതമാനം പിഴ ചുമത്തിയിരുന്നു. പിന്നാലെയാണ് സമാന ആരോപണം കോഹ്ലിയെയും പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡുപ്ലസിക്ക് പിഴ ഒടുക്കാനാണ് ഐ.സിസി നിര്‍ദ്ദേശിച്ചത്.