X

കോഹ്‌ലി ഓസീ താരം

സിഡ്‌നി: വിരാട് കോഹ്‌ലി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായി ഇനിയും നിയമിതനായിട്ടില്ല. ടെസ്റ്റ് ടീമുമായി ജൈത്രയാത്ര തുടരുന്ന കോഹ്‌ലിയെ ഏകദിനത്തിന്റെ കൂടി ചുമതല ഏല്‍പ്പിക്കണോ എന്ന കാര്യം ബി.സി.സി.ഐ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടു പോലുമില്ല. എന്നാല്‍, കോഹ്്‌ലിയുടെ ക്യാപ്ടന്‍സി മികവിനെ അംഗീകരിക്കാന്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് അതൊന്നും തടസ്സമില്ല. 2016-ലെ മികച്ച ഓസ്‌ട്രേലിയന്‍ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്തപ്പോള്‍ അവര്‍ നായക സ്ഥാനമേല്‍പ്പിച്ചിരിക്കുന്നത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്ടനെയാണ്. പേസ് ബൗളര്‍ ജസ്പ്രിത് ബുംറ മാത്രമാണ് കോഹ്്‌ലിക്കു പുറമെ ആ ടീമിനുള്ള ഒരേയൊരു ഇന്ത്യക്കാരന്‍.

 

2016-ല്‍ എല്ലാ ഫോര്‍മാറ്റിലും ബാറ്റു കൊണ്ട് കോഹ്്‌ലി പുറത്തെടുത്ത മികവും ടെസ്റ്റിലെ അസൂയാവഹമായ വിജയ റെക്കോര്‍ഡുമാണ് ഡല്‍ഹിക്കാരനെ അംഗീകരിക്കാന്‍ ഓസ്‌ട്രേലിയയെ നിര്‍ബന്ധിതരാക്കിയത്. നേരത്തെ ഐ.സി.സിയുടെ ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്ടനായും കോഹ്്‌ലിയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഐ.സി.സി ടെസ്റ്റ് ടീമില്‍ കോഹ്്‌ലിക്ക് ഇടമില്ലാതിരുന്നത് ആരാധകരുടെ നെറ്റി ചുളിപ്പിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതിന് മറുപടി നല്‍കിയത് 2016-ലെ ടെസ്റ്റ് ടീം ഓഫ് ദി ഇയറിന്റെ ക്യാപ്ടന്‍ പദവി കോഹ്്‌ലിക്ക് നല്‍കിക്കൊണ്ടാണ്. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ ബോര്‍ഡിന്റെ വക ഏകദിന ക്യാപ്ടന്‍സിയും വിരാടിനെ തേടിയെത്തുന്നത്.

 
2016 വിരാട് കോഹ്്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു. വിരാടിന്റെ ബാറ്റിന്റെ ചൂട് ഏറ്റവും കൂടുതല്‍ അറിഞ്ഞതാവട്ടെ ഓസ്‌ട്രേലിയയും. ജനുവരിയിലെ ഏകദിന പരമ്പരയില്‍ ഇന്ത്യ 4-1 ന് തോറ്റെങ്കിലും വിരാടിന്റെ സ്‌കോറിങ് ഇപ്രകാരമായിരുന്നു: 91, 59, 117, 16, 8. ട്വന്റി 20-യിലും താരത്തിന്റെ വിശ്വരൂപം ഓസ്‌ട്രേലിയ കണ്ടു. മൂന്നു മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ അതില്‍ കോഹ്്‌ലിയുടെ സംഭാവന 90 നോട്ടൗട്ട്, 50 നോട്ടൗട്ട്, 50 എന്നിങ്ങനെയായിരുന്നു. 2016-ല്‍ കോഹ്്‌ലി വെറും 10 ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂവെങ്കിലും 50 ഓവര്‍ ഫോര്‍മാറ്റ് നയിക്കാന്‍ ഏറ്റവും ഉചിതന്‍ താനാണെന്ന് അതിലൂടെ തെളിയിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു.

എട്ട് ഇന്നിങ്‌സുകളില്‍ അദ്ദേഹം 45-നു മുകളില്‍ സ്‌കോര്‍ ചെയ്തതായും ഓസ്‌ട്രേലിയക്കെതിരെ തുടരെ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ വര്‍ഷത്തെ ഏകദിന ടീം: വിരാട് കോഹ്്‌ലി (ക്യാപ്ടന്‍), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), ക്വിന്റണ്‍ ഡികോക്ക് (ദ.ആഫ്രിക്ക), സ്റ്റീവ് സ്മിത്ത് (ഓസ്.), ബാബര്‍ അസം (പാകിസ്താന്‍), മിച്ചല്‍ മാര്‍ഷ് (ഓസ്.), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ജസ്പ്രിത് ബുംറ, ഇംറാന്‍ താഹിര്‍ (ദ.ആഫ്രിക്ക)

chandrika: