X
    Categories: MoreViews

നാഗ്പ്പൂരില്‍ കോലിമേളം; റണ്‍മലക്ക് പിന്നില്‍ ജയം കാത്ത് ഇന്ത്യ

നാഗ്പ്പൂര്‍: ക്ഷമ എന്ന രണ്ടക്ഷരത്തിന്റെ വില അറിഞ്ഞാലും രണ്ട് ദിവസം ക്ഷമിച്ച് പിടിച്ചു കളിക്കാനാവുമോ ലങ്കക്ക്. രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം പിന്നിടുമ്പോള്‍ ഇന്ത്യ സമ്മാനിച്ചിരിക്കുന്നത് കൂറ്റന്‍ റണ്‍ മലയാണ്. ആ മല തകര്‍ക്കാന്‍ ലങ്കക്കാവില്ല. പക്ഷേ പിടിച്ചുനിന്ന് തട്ടിമുട്ടി പോവാനാവുമോ എന്നതാണ് അവര്‍ പരിശോധിക്കുന്നത്. പക്ഷേ ഇന്നലെ തന്നെ രണ്ടാം ഇന്നിംഗ്‌സില്‍ ഒരാള്‍ പുറത്തായിരിക്കുന്നു. രണ്ട് ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ 384 റണ്‍സിന് ഇപ്പോഴും പിറകിലാണ് ചാണ്ഡിമലിന്റെ സംഘം.

നായകന്‍ വിരാത് കോലിയുടെ ഡബിളും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുമെല്ലാമായി ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ആറ് വിക്കറ്റിന് 610 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്തായ ലങ്കക്കാര്‍ ഇന്നലെ അവസാനത്തില്‍ അല്‍പ്പസമയം മാത്രമാണ് കളിച്ചത്. രണ്ട് ദിവസത്തോളം ഫീല്‍ഡ് ചെയ്തു തളര്‍ന്ന അവര്‍ക്ക് പിടിച്ചുനില്‍ക്കാനുളള ഊര്‍ജ്ജം കുറവായിരുന്നു എന്നതിന് തെളിവായി ഒരു വിക്കറ്റും വീണ സ്ഥിതിക്ക് ഇന്ത്യ പരമ്പരയില്‍ ലീഡ് നേടാനാണ് വ്യക്തമായ സാധ്യതകള്‍.

നായകന്‍ കോലിയുടെ പ്രകടനമായിരുന്നു മൂന്നാം ദിവസത്തിന്റെ സവിശേഷത. സെഞ്ച്വറി പതിവാക്കിയിരിക്കുന്ന നായകന്‍ ഏകദിന ശൈലിയിലായിരുന്നു ഇന്നലെ ബാറ്റ് ചെയ്തത്. 267 പന്തില്‍ നിന്ന് 213 റണ്‍സുമായി മിന്നല്‍ വേഗതയില്‍ ബാറ്റേന്തിയ കോലിക്ക് രോഹിതും സാമാന്യം നല്ല വേഗതയില്‍ പിന്തുണ നല്‍കി. രണ്ട് വിക്കറ്റിന് 312 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ആതിഥേയര്‍ക്ക് ഇന്നലെ ചേതേശ്വര്‍ പൂജാരയെയാണ് ആദ്യം നഷ്ടമായത്. 143 റണ്‍സ് സ്വന്തമാക്കിയാണ് പുജാര മടങ്ങിത്. ശേഷം എത്തിയ രഹാനെ പെട്ടെന്ന് മടങ്ങിയെങ്കിലും രോഹിത് അപാര ഫോമിലായിരുന്നു. കോലി-രോഹിത് സഖ്യം അതിവേഗതയില്‍ സ്‌ക്കോര്‍ ചെയ്തതോടെ ലങ്കന്‍ ബൗളര്‍മാരുടെ വീര്യവും ചോര്‍ന്നു. സ്‌ക്കോര്‍ 583 ലാണ് കോലി പുറത്തായത്. അതിനിടെ നിരവധി വ്യക്തിഗത റെക്കോര്‍ഡുകളും നായകന്‍ സ്വന്തമാക്കി. ഏറ്റവുമധികം സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനായി മാറിയ കോലി മറുതലക്കലുള്ള രോഹിതിന്റെ ആത്മവിശ്വാസം ഉയര്‍ത്താനും ശ്രദ്ധിച്ചു. 13 മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിതിന് ആസന്നമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി ആത്മവിശ്വാസമേകുന്ന സെഞ്ച്വറിയാണിത്.

chandrika: