X

വൈറ്റ്‌വാഷിനായി കോലിപ്പട

പല്ലേകലെ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പല്ലേകലെ ടെസ്റ്റു കൂടി വിജയിച്ച് വിദേശത്ത് പരമ്പര വൈറ്റ്‌വാഷ് ചെയ്തു റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.
വിദേശത്ത് പ്രധാനപ്പെട്ട ഒരു ടീമിനെതിരെ ഇതു വരെ ഒരു ടെസ്റ്റ് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. അതേ സമയം ആദ്യ രണ്ട് ടെസ്റ്റുകളിലും തോറ്റ ശ്രീലങ്കക്ക് നാണക്കേട് ഒഴിവാക്കാനായി ഈ മത്സരം ജയിച്ചേ മതിയാവൂ. കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുന്ന പല്ലേകലെയില്‍ കാലാവസ്ഥയാണ് മത്സരത്തിന് പ്രധാന വില്ലന്‍.
ടീമിന്റെ കുന്തമുനയായി പേസര്‍ നുവാന്‍ പ്രദീപ്, സ്പിന്നര്‍ രംഗന ഹെരാത് എന്നിവരുടെ അഭാവം ലങ്കക്ക് കൂനിന്‍മേല്‍ കുരുവായി മാറാനും സാധ്യതയുണ്ട്. സ്പിന്‍, പേസ് മേഖലയില്‍ ലങ്കയേക്കാളും ഒരു പടി മുന്നിലുള്ള ബൗളര്‍മാരും മികച്ച ബാറ്റിങ് നിരയും ഇന്ത്യക്കു കരുത്തു പകരുമ്പോള്‍ യുവ ബാറ്റ്‌സ്മാന്‍മാരൊഴികെ ലങ്കയുടെ ആവനാഴിയിലെ അസ്ത്രങ്ങളൊന്നും തന്നെ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതും ആതിഥേയ ടീമിന് തിരിച്ചടിയാണ്. പിച്ചിലെ ഈര്‍പ്പവും പച്ചപ്പും തുടക്കത്തില്‍ പേസ് ബൗളര്‍മാരെ സഹായിക്കുമെന്നാണ് കരുതുന്നത്. മത്സരം പുരോഗമിക്കുന്നതോടെ സ്പിന്നിന് അനുകൂലമാകുന്നതാണ് പല്ലേകലെ വിക്കറ്റിന്റെ സ്വഭാവം. ലോക ഒന്നാം നമ്പര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ സസ്‌പെന്‍ഷന്‍ മൂലം മൂന്നാം ടെസ്റ്റില്‍ കളിക്കാത്തതിനാല്‍ അശ്വിന് പകരം കുല്‍ദീപ് യാദവിന് അവസരം ലഭിച്ചേക്കും.
അക്‌സര്‍ പട്ടേലിനെ ജഡേജക്കു പകരക്കാരനായി വിളിപ്പിച്ചിട്ടുണ്ടെങ്കിലും അവസരം കിട്ടാന്‍ സാധ്യത വിരളമാണ്. എന്നാല്‍ വിക്കറ്റിന്റെ സ്വഭാവം പരിഗണിച്ച് മുന്നാം പേസറായി ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തുന്ന കാര്യവും ക്യാപ്റ്റന്‍ കോലി പരിഗണിച്ചേക്കും.
2003-04ല്‍ മാത്രമാണ് ശ്രീലങ്ക സ്വന്തം നാട്ടില്‍ വൈറ്റ് വാഷിന് വിധേയമാത്.
അന്ന് ഷെയിന്‍ വോണ്‍ നയിച്ച ഓസീസ് ടീം 3-0നാണ് ലങ്കയെ തറപറ്റിച്ചത്. അടുത്ത രണ്ടു മാസത്തിനിടെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുമായി കളിക്കേണ്ടതിനാല്‍ പരമ്പരയിലെ ഏകപക്ഷീയ വിജയം ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോലിയും കൂട്ടരും ആഗ്രഹിക്കുന്നില്ല.

chandrika: