X

മുംബൈ ടെസ്റ്റ്: കോഹ്‌ലിക്ക് ഡബിള്‍, ഇന്ത്യ ജയത്തിലേക്ക്

മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സിന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നാലാം ദിനം സ്റ്റമ്പ്‌ എടുക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ്. ഇന്നിങ്‌സ്‌ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് 49 റണ്‍സ് കൂടി വേണം. നാളെ എത്രകണ്ട് പിടിച്ചുനില്‍ക്കുമെന്നാണ് ഇനി അറിയേണ്ടത്. ജോ റൂട്ട്( 77) ബെയര്‍‌സ്റ്റോ(50*) എന്നിവരാണ് തിളങ്ങിയത്. ബാക്കിയുളളവര്‍ക്കൊന്നും താളം കണ്ടെത്താനായില്ല. ഇന്ത്യക്ക് വേണ്ടി ജദേജ, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ ജെന്നിങ്‌സനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഭുവനേശ്വറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 49ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ റൂട്ടും ബയര്‍‌സ്റ്റോവും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. എന്നാല്‍ റൂട്ടിനെ ജയന്ത് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. വിരാട് കോഹ്ലിയുടെ ഡിബിള്‍ സെഞ്ച്വറിയും ജയന്ത് യാദവിന്റെ സെഞ്ച്വറിയുമാണ് നാലാം ദിനത്തിലെ പ്രത്യേകത. ഇരുവരും പൊരുതിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 631നാണ് അവസാനിച്ചത്. 231 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി. കോഹ്ലി 235 റണ്‍സ് നേടിയപ്പോള്‍ ജയന്ത് യാദവ് 104 റണ്‍സ് നേടി.

ജയന്തിന്റെ കന്നി സെഞ്ച്വറിയാണിത്. കോഹ്ലിയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറിയും. 340 പന്തില്‍ നിന്ന് 25 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. ജയന്ത് 204 പന്തില്‍ നിന്ന് 15 ബൗണ്ടറികളുടെ അകമ്പടിയോടെയണ് 104 റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റാഷിദ് നാല് വിക്കറ്റ് വീഴ്ത്തി.

Also read: ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി

chandrika: