പൂനെ: വര്‍ഷങ്ങള്‍ക്ക് ശേഷം യുവരാജ് സിങ്ങിനെ ടീമിലെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ് ലി. മധ്യനിരയില്‍ കരുത്ത് പകരാന്‍ യുവിക്കാവും, ഇത് മുന്‍ നായകന്‍ ധോണിയുടെ മേലുള്ള ഭാരം കുറക്കാനാവുമെന്നും കോഹ്‌ലി പറയുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കാണ് യുവരാജ് സിങ്ങിനെ ടീമിലേക്ക് മടക്കിവിളിച്ചത്. 2013ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് യുവരാജ് അവസാനം ഏകദിനം കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും യുവരാജിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘മിഡില്‍ ഓര്‍ഡറില്‍ ധോണിയുടെ ചുമലില്‍ കൂടുതല്‍ ഭാരം ഏല്‍പ്പിക്കാനാകില്ല. ബാറ്റിങ്ങ് മുന്‍നിരയുടെ ചുമതല ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. മുന്‍നിര പരാജയപ്പെട്ടാല്‍ പൊരുതാന്‍ ധോണിക്കൊപ്പം ഒരാള്‍ കൂടി വേണം. അതിനാലാണ് യുവിയെ തെരഞ്ഞെടുത്തത്. യുവിയുടെ പരിചയ സമ്പന്നതയും പരിഗണിക്കപ്പെട്ടു’ കോഹ് ലി തുടര്‍ന്നു.
ന്യൂസിലാന്‍ഡിനെതിരായ മത്സരങ്ങളില്‍ മധ്യനിരയില്‍ ധോണി യുവതാരങ്ങള്‍ക്കാണ് അവസരം നല്‍കിയിരുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ മുന്നെ ഇറങ്ങിയ ധോണി ഇനി താഴോട്ടിറങ്ങാനില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ടീം ആവശ്യപ്പെടുന്ന മുറക്ക് ഏത് പൊസിഷനിലും കളിക്കുമെന്നാണ് ഇന്നലെ ധോണി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. നാളെ പൂനെയിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം. ഇതിനകം ടിക്കറ്റുകളെല്ലാം വിറ്റുപോയിട്ടുണ്ട്.