ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്‌ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കി ഒന്നാമനായത്. ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് എന്ന റെക്കോര്‍ഡും ഇതോടെ കോഹ്‌ലിയുടെ പേരിലായി. 1998-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 887 പോയിന്റിനെയാണ് കോഹ്‌ലി പിന്നിലാക്കിയത്.
നിര്‍ണായക മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയോടെ മാന്‍ ഓഫ് ദി മാച്ച് ആയ രോഹിത് ശര്‍മ കരിയറിലെ ഏറ്റവും മികച്ച പോയിന്റായ 799 സ്വന്തമാക്കിയെങ്കിലും ഏഴാം റാങ്കില്‍ തുടര്‍ന്നു. പാക് താരം ബാബര്‍ അസം (846), ക്വിന്റണ്‍ ഡികോക്ക് (808) എന്നിവരും കരിയറിലെ മികച്ച പോയിന്റുകള്‍ നേടിയെങ്കിലും 4, 5 സ്ഥാനങ്ങളില്‍ മാറ്റമുണ്ടായില്ല. 872 പോയിന്റോടെ എ.ബി ഡിവില്ലിയേഴ്‌സും 865-ഓടെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ബൗളര്‍മാരില്‍ ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറക്ക് ന്യൂസിലാന്റ് പരമ്പര ഗുണകരമായി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബുംറ മൂന്നാം സ്ഥാനത്തെത്തി. പാകിസ്താന്‍ പേസ് ബൗളര്‍ ഹസ്സന്‍ അലി, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇംറാന്‍ താഹിര്‍ എന്നിവര്‍ക്കു പിന്നിലാണ്, മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു വിക്കറ്റെടുത്ത ബുംറ.
ബംഗ്ലാദേശിനെതിരായ പരമ്പര 3-0 ന് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ടീം. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ന്യൂസിലാന്റിനെ 3-0 ന് തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഒന്നാം റാങ്കിലെത്താന്‍ കഴിയുമായിരുന്നു.