യാങ്കൂണ്‍: മ്യാന്മറിലെ റാഖിന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ സൈന്യത്തിന്റെ കൈകളാല്‍ ക്രൂരമായി വേട്ടയാടപ്പെടാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും അന്താരാഷ്ട്ര സമൂഹം കുറ്റകരമായ മൗനം തുടരുന്നു. റോഹിന്‍ഗ്യാ മുസ്്‌ലിം പ്രദേശങ്ങളില്‍ മ്യാന്മര്‍ സേന മനുഷ്യത്വത്തിനെതിരെ നടത്തുന്ന കുറ്റകൃത്യങ്ങള്‍ പാരമ്യത്തിലെത്തിയതായി യു.എന്‍ മനുഷ്യാവകാശ ഏജന്‍സി വ്യക്തമാക്കി. സൈന്യത്തെ പേടിച്ച് ബംഗ്ലാദേശിലെ അതിര്‍ത്തികളില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് തമ്പടിച്ചിരിക്കുന്നത്.
അതിര്‍ത്തി കടന്നെത്തുന്നവരെ ബംഗ്ലാദേശ് തിരിച്ചയക്കാനും തുടങ്ങിയതോടെ റോഹിന്‍ഗ്യകളുടെ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുകയാണ്. അഭയാര്‍ത്ഥികളെ താല്‍ക്കാലികമായെങ്കിലും പുനരധിവസിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം ബംഗ്ലാദേശ് ചെവികൊണ്ടിട്ടില്ല. റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ എത്തിയെന്നതാണ് ഏക ആശ്വാസം. ചൊവ്വാഴ്ച മ്യാന്മറില്‍ എത്തിയ അദ്ദേഹം അധികം വൈകാതെ റാഖിനിലെ റോഹിന്‍ഗ്യാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
തീവ്രവാദികളെ പിടിക്കാനെന്ന പേരില്‍ റോഹിന്‍ഗ്യാ ഗ്രാമങ്ങളിലെത്തിയ മ്യാന്മര്‍ സേന പുരുഷന്മാരെയും കുട്ടികളെയും വെടിവെച്ചുകൊലപ്പെടുത്തുകയാണ്. മുസ്്‌ലിം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. നൂറുകണക്കിന് വീടുകള്‍ സൈന്യം അഗ്നിക്കിരയാക്കിയാക്കിയതായി സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും സൈന്യം പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല. കൂട്ടക്കുരുതികളും ബലാത്സംഗങ്ങളും നടക്കുന്നുവെന്ന വാര്‍ത്ത മ്യാന്മര്‍ ഭരണകൂടം തള്ളിയിട്ടുണ്ടെങ്കിലും റാഖിനില്‍ നടക്കുന്നത് മുസ്്‌ലിം വംശഹത്യയാണെന്ന് ബംഗ്ലാദേശിലെ യു.എന്‍ പ്രതിനിധി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നാഫ് നദി മുറിച്ചുകടന്ന് ബോട്ടുകളിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ തിരിച്ചയച്ചതായി ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സേനാ മേധാവി കേണല്‍ അബൂസാര്‍ അല്‍ സാഹിദ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആയിരത്തിലേറെ പേരെ ബംഗ്ലാദേശ് മ്യാന്മറിലേക്ക് തന്നെ തിരിച്ചയച്ചു. സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാന്‍ സാധിക്കാതെ ഇവര്‍ അതിര്‍ത്തികളില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ കൊടും തണുപ്പില്‍ നരകിക്കുകയാണ് തങ്ങളെന്ന് അഭയാര്‍ത്ഥികള്‍ പറയുന്നു.