പ്രമാദമായ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന കൊടും കുറ്റവാളികളെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ ഇളവുകാരുടെ ലിസ്റ്റില്‍ കൊടും ക്രിമിനലുകളാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിനൊന്ന് പ്രതികളും ചന്ദ്രബോസ് വധക്കേസില്‍ ‘കാപ്പ’ ചുമത്തി ജയിലിലടക്കപ്പെട്ട നിഷാമും കല്ലുവാതുക്കല്‍ കേസിലെ പ്രധാന പ്രതി മണിച്ചന്‍, കുപ്രസിദ്ധ മാഫിയാതലവന്‍ ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരടക്കമുള്ള കൊടും കുറ്റവാളികളെ പുറത്തുവിടാനുള്ള നീക്കം വലിയ സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യം തീര്‍ച്ച. വിവരാവകാശ നിയമപ്രകാരം ജയില്‍ വകുപ്പില്‍ നിന്നു ലഭിച്ച പട്ടികയെ പൂര്‍ണമായും തള്ളിക്കളയാന്‍ സര്‍ക്കാര്‍ രംഗത്തുവരാത്തത് ഗൂഢ നീക്കത്തെ ബലപ്പെടുത്തുന്നുണ്ട്. നേരത്തെ ഗവര്‍ണര്‍ പി. സദാശിവം തിരിച്ചയച്ച പട്ടിക, സര്‍ക്കാര്‍ സമിതി പുനഃപരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തത് സ്വാധീനങ്ങള്‍ക്കും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വഴങ്ങിയാണെന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്. 1850 പേരെയാണ് ശിക്ഷാ ഇളവ് നല്‍കി ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേരുടെ പട്ടിക ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ തയാറാക്കുന്നത്. സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ടി.പി വധക്കേസിലെ പ്രധാന പ്രതികളെ ‘മോചിത’രുടെ പട്ടികയിലുള്‍പ്പെടുത്തിയതെങ്കില്‍ മറ്റുള്ളവരുടെ കാര്യത്തിലെ മാനദണ്ഡമറിയാന്‍ സമൂഹത്തിന് താത്പര്യമുണ്ട്. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെതിരേ ‘കാപ്പ’ ചുമത്തിയിരുന്നു. ശിക്ഷാ ഇളവിനു പരിഗണിക്കുന്ന സമയത്ത് ‘കാപ്പ’ നിലനില്‍ക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇയാള്‍ക്ക് ഇളവ് നല്‍കുന്നത്. യുവ വ്യവസായിയുടെ പണച്ചാക്കുകള്‍ ഭരണകൂടത്തെ സ്വാധീനിച്ചതിന്റെ പരിണിത ഫലമാണ് ഇതെന്ന് മനസിലാക്കാന്‍ അധിക ബുദ്ധി ആവശ്യമില്ല. കൊടും കുറ്റവാളികളും കൊള്ളത്തലവന്മാരും അബ്കാരി മാഫിയകളും വച്ചുനീട്ടയതിന് പ്രത്യുപകാരം നല്‍കാനുള്ള ഈ വക്ര ബുദ്ധിക്ക് പക്ഷേ, സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന കാര്യം ഓര്‍മിപ്പിക്കട്ടെ.
2016ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷായിളവ് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം മൂവായിരത്തോളം തടവുകാരില്‍ 1911 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന് കാണിച്ച് ജയില്‍ വകുപ്പ് 2016 ഒക്ടോബര്‍ 17ന് സര്‍ക്കാറിന് പട്ടിക സമര്‍പ്പിച്ചു. ഇതില്‍ കൊലയാളികള്‍, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവര്‍, ലഹരി മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിദേശികളായ തടവുകാര്‍ എന്നിവരെ പരിഗണിക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇപ്രകാരം ജയില്‍ വകുപ്പ് നല്‍കിയ ലിസ്റ്റില്‍ നിന്നു 61 പേരെ ആഭ്യന്തര വകുപ്പ് ഒഴിവാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതായിരുന്നു സര്‍ക്കാര്‍ വാദം. ഇതു മുന്‍നിര്‍ത്തിയാണ് നേരത്തെ പട്ടിക വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്. ‘നിങ്ങള്‍ക്ക് അങ്ങനെയൊരു ലിസ്റ്റ് ലഭിച്ചിട്ടുണ്ടോ’ എന്നായിരുന്നു പിണറായി വിജയന്‍ അന്ന് മാധ്യമ പ്രവര്‍ത്തകരോട് ഈര്‍ഷ്യത്തോടെ ചോദിച്ചത്. പിന്നീട് നിയമസഭയില്‍ പി.ടി തോമസ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ‘പതിനാലു വര്‍ഷം പൂര്‍ത്തിയാകാതെ അവരെ എങ്ങനെ പുറത്തുവിടും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പട്ടിക തിരിച്ചയച്ചതു സംബന്ധിച്ച് രാജ്ഭവനില്‍ നിന്നു മാധ്യമങ്ങള്‍ക്ക് പ്രസ് റിലീസ് നല്‍കിയതിനെ രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇടതു സര്‍ക്കാറിന്റെ ഗൂഢനീക്കം പുറത്തറിഞ്ഞതിന്റെ അസഹിഷ്ണത നേതാക്കളില്‍ കടുത്ത അമര്‍ഷമായി ആളിക്കത്തുന്നതിനിടെയാണ് വിവരാവകാശ രേഖ വെളിപ്പെട്ടിരിക്കുന്നത്.
കൊടും കുറ്റവാളികള്‍ ജയില്‍ വകുപ്പിന്റെ പട്ടികയില്‍ എങ്ങനെ ഇടം നേടി എന്ന ചോദ്യത്തിന് ജയില്‍ വകുപ്പും സര്‍ക്കാറും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷായിളവ് നല്‍കുന്നത് ആദ്യ സംഭവമല്ല. പക്ഷേ ഇത്രയധികം പേര്‍ക്ക്, അതും കൊടും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുന്നത് അംഗീകരിക്കാനാവില്ല. മുമ്പ് നായനാരും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ സ്വീകരിച്ച മാനദണ്ഡങ്ങളെങ്കിലും പിണറായി വിജയന്‍ പാഠമാക്കേണ്ടിയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജയിലില്‍ നന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത 32 പേരെ മോചിപ്പിച്ചിട്ടുണ്ടെന്ന് നിയമസഭാ സമ്മേളനത്തില്‍ വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി ലഭിച്ചിരുന്നു. കൊലക്കേസ് പ്രതികളായ 31 പേരെയും ഒരു ബലാത്സംഗ കേസ് പ്രതിയെയുമാണ് സര്‍ക്കാര്‍ മോചിപ്പിച്ചത്. ആറു ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാത്ത 44 പേരെ മോചിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കൊലപാതക കേസുകളിലെ 17 പ്രതികളെയും അബ്കാരി കേസിലെ ആറു പേരെയും ബലാത്സംഗം കേസുകളില്‍ പ്രതികളായ അഞ്ചുപേരെയും കൈക്കൂലി കേസിലെ രണ്ടും വധശ്രമക്കേസിലെ മൂന്നും മറ്റുള്ള കേസുകളിലെ പതിനൊന്നും പ്രതികളാണ് ശിപാര്‍ശ നല്‍കപ്പെട്ട പട്ടികയിലുള്ളതെന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. ഇത്തരം കണക്കുകള്‍ വ്യക്തമായി അവതരിപ്പിച്ച സര്‍ക്കാര്‍ വിവാദമായ പട്ടിക പൂഴ്ത്തിവച്ചത് എന്തിനെന്ന് വ്യക്തമാക്കേണ്ടതുണ്ട്. വസ്തുതകള്‍ മറച്ചുവച്ച് മുഖ്യമന്ത്രി കള്ളം പറയുകയും നിയമസഭാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത് നീതീകരിക്കാനാവില്ല.
സംസ്ഥാനത്ത് കുറ്റവാളികള്‍ അഴിഞ്ഞാടുകയും ദിനംപ്രതി കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. അതതു കാലഘട്ടങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പൊതുസമൂഹത്തിന്റെ മനഃസാക്ഷിക്ക് സമാധാനം പകര്‍ന്നാണ് കോടതി വിധികളുണ്ടായിട്ടുള്ളത്. ഏറെ ഗൗരവമേറിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശിക്ഷ വിധിക്കപ്പെട്ടവരെ അതീവ ലാഘവത്തോടെ പുറത്തുവിടാന്‍ അനുവദിക്കരുത്. പൊതുസമൂഹത്തിന്റെ കരുതലും കാവലുമാണ് ഇനി വേണ്ടത്. സര്‍ക്കാറിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി നിയമത്തെ നോക്കുകുത്തിയാക്കാനുള്ള ഏതു നിഗൂഢ നീക്കങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ പ്രബുദ്ധ സമൂഹം ഉണര്‍ന്നു ചിന്തിക്കുന്നതു കാത്തിരുന്നു കാണാം.