X

കോടിയേരിയുടെ മകന്‍ 13 കോടി തട്ടി

 

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ദുബായില്‍ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എല്‍.എല്‍.സി എന്ന കമ്പനിയാണ് കോടിയേരിയുടെ മകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിയമ നടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി സി.പി.എം പോളിറ്റ് ബ്യൂറോക്ക് കമ്പനി ഉടമ ഹസന്‍ ഇസ്മഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി പരാതി നല്‍കി. ഇദ്ദേഹം പ്രമുഖ സി.പി.എം നേതാക്കളെ നേരില്‍ക്കണ്ട് സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് വിശദീകരിച്ചതായും സൂചനയുണ്ട്. അതേസമയം ബിനോയ് കോടിയേരി ആരോപണം നിഷേധിച്ചു.
കമ്പനിയുടെ പേരില്‍ ബാങ്ക്‌വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങിയെന്നാണ് ബിനോയിക്കെതിരായ പരാതി. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹവും ഇന്ത്യ, യു.എ.ഇ, സഊദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് വാങ്ങിയ ശേഷം ബിനോയ് മുങ്ങിയെന്ന് കമ്പനി പറയുന്നു. 2016 ജൂണ്‍ ഒന്നിന് മുന്‍പ് പണം തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കാര്‍ വായ്പയുടെ തിരിച്ചടവ് ഇടക്കുവെച്ച് മുടങ്ങി. അടക്കാന്‍ ബാക്കിയുണ്ടായിരുന്ന 2,09,704 ദിര്‍ഹവും ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് 13 കോടി രൂപ നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
ദുബായില്‍ നിന്ന് രക്ഷപ്പെട്ട ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ കമ്പനി നീക്കം ആരംഭിച്ചു. അതേസമയം പോളിറ്റ്ബ്യൂറോക്ക് ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും വിശദാംശങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷം പ്രതികരിക്കാമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
എന്നാല്‍ തങ്ങള്‍ നല്‍കിയതിന് പുറമേ ബിനോയി കോടിയേരിക്കെതിരെ അഞ്ചു ക്രിമിനല്‍ കേസുകള്‍ കൂടി ദുബായില്‍ ഉണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല അദ്ദേഹം പണം വാങ്ങിയതെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ബിനോയ് ഒരു വര്‍ഷത്തിലേറെയായി ദുബായില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അവര്‍ പരാതിയില്‍ പറയുന്നു. കമ്പനിയുടമകള്‍ സി.പി.എം നേതൃത്വത്തെ പ്രശ്‌നത്തില്‍ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഒന്നുകില്‍ ബിനോയ് കോടതിയില്‍ ഹാജരാകണം. അല്ലാത്തപക്ഷം പണം തിരികെ നല്‍കണം. ഇതില്‍ ഏതെങ്കിലുമൊന്ന് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടിസിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതു പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം.
തിരിച്ചടവ് ഇനത്തില്‍ ബിനോയ് കഴിഞ്ഞ മേയ് 16ന് നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് പണം ലഭ്യമാക്കാന്‍ ഇടനില നിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും കോടിയേരിയെ കണ്ട് മകന്‍ നടത്തിയ ഇടപാടുകളുടെ കാര്യം ചര്‍ച്ച ചെയ്‌തെന്നും പ്രശ്‌നം ഉടന്‍ രമ്യമായി പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പുനല്‍കിയതായും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികളുണ്ടാകാത്തതിനാലാണ് കമ്പനി ഉടമ സി.പി.എം നേതൃത്വത്തെ സമീപിച്ചത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്റര്‍പോളിനെ സമീപിക്കാനാണ് തീരുമാനം.
സി.പി.എം ചവറ എം.എല്‍. എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ മകന്റെ ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു വിജയന്‍പിള്ളയുടെ പ്രതികരണം.

chandrika: