സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ കോടിയേരി ബാലകൃഷ്ണന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ പ്രതിനിധ്യം 50 ശതമാനം ആക്കുമോ എന്ന മാധ്യമ ചോദ്യത്തിന് നല്കിയ മറുപടി സ്ത്രീകളെ അധിക്ഷേപിക്കുന്നതാണെന്ന് ഷാനിമോള്‍ ഉസ്മാന് കുറ്റപ്പെടുത്തി.
പാര്‍ട്ടിയെ തകര്‍ക്കാനാണോ എന്നായിരുന്നു കോടിയേരിയുടെ മറു ചോദ്യം. സ്ത്രീപക്ഷ നിലപാടും മതിലും തിരുവാതിരയും പറയുന്ന സിപിഎം വനിതാ നേതാക്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നുവെന്ന് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പ്രതികരണം. 50% വനിതാ സംവരണം നടപ്പില്‍ വന്ന പഞ്ചായത്ത് നഗര ഭരണ സമിതികള്‍ തകര്‍ക്കപ്പെട്ടു എന്നാണോ സിപിഎമ്മിന്റെ അഭിപ്രായമെന്നും ചോദിച്ചു.