ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: സുപ്രീം കോടതി വിധികളുടെ മറപറ്റി സി.പി.എം വീണ്ടും ഇസ്്‌ലാമിക ശരീഅത്തിന് എതിരെ. മുത്തലാക്ക്, ശബരിമലയിലെ സ്ത്രീ പ്രവേശനം വിഷയങ്ങളിലെ കോടതി വിധികളെ സ്വാഗതം ചെയ്ത് സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ പോസ്റ്റിലാണ് ഇസ്്‌ലാം വെറി മറനീക്കിയത്. ഹൈന്ദവ, ക്രിസ്തീയ വിശ്വാസങ്ങളെയും വികൃതമാക്കുന്നുണ്ടെങ്കിലും ഇസ്്‌ലാമിനെതിരെയാണ് ഉറഞ്ഞു തുള്ളല്‍
പോസ്റ്റില്‍ നിന്ന്: ശരീഅത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ലിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്ര്യത്തിനെതിരെയും സിപിഐ എമ്മും ഇ എം എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ലിം പ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ലിം സമുദായത്തിന്റേതായ ശരീഅത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധശബ്ദമുയര്‍ത്തിയപ്പോള്‍ സിപിഐ എം അവര്‍ക്കൊപ്പമാണ് നിന്നത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ വിമര്‍ശകര്‍ തയ്യാറാവണം. കോടിയേരി പറയുന്നു.
സ്ത്രീ വിവേചനം എല്ലാ മേഖലയില്‍ നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചത്. സ്ത്രീകളെ വിവേചനത്തോടെ കാണുന്നതും, വിവിധ മേഖലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായ സമീപനത്തിനെതിരായ ശ്രദ്ധേയമായ വിധിന്യായമാണ് സുപ്രീം കോടതിയുടേത്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് സുപ്രീ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ഇതില്‍ എല്‍ ഡി എഫിന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഈ നിലപാടിന് അനുസൃതമായിട്ടുള്ള ഒരു വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വിധിനടപ്പിലാക്കുന്നതിന് ആവശ്യമായ പ്രായോഗിക നടപടികള്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ച് നടപ്പിലാക്കേണ്ടതുണ്ടെന്നും കോടിയേരി പറയുന്നു.