കണ്ണൂര്‍: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇന്ന് ജന്മനാട്ടില്‍ അന്ത്യനിദ്ര. ഭൗതികശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലെത്തി. രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളുടെ അന്തിമോപചാരമേറ്റുവാങ്ങി ഇന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.
കോടിയേരിയുടെ ഭൗതികശരീരവും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.55നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും ഭാര്യ റിനീറ്റയും അനുഗമിച്ചു. വിമാനത്താവളത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.
തലശ്ശേരിയിലേക്കുള്ള വിലാപയാത്രക്കിടെ അന്തിമോപചാരമര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. മട്ടന്നൂര്‍ ടൗണിലും നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലുമാണ് ആംബുലന്‍സിന് വേഗത കുറച്ച് അന്ത്യോപചാരത്തിന് സൗകര്യമൊരുക്കിയത്. വൈകുന്നേരം 3.30ഓടെയാണ് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു. യു.ഡി.എഫിലെ ഘടക കക്ഷി നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാനെത്തി.
കോടിയേരി മാടപ്പീടികയിലെ വീട്ടില്‍ ഭൗതികശരീരം എത്തിക്കുമ്പോള്‍ രാത്രിയേറെ വൈകിയിരുന്നു. രാവിലെ 10 വരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ സി.പി.എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ അഴീക്കോടന്‍ മന്ദിരത്തിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇന്ന് കണ്ണൂരിലെത്തും.