തലശ്ശേരി: തലശ്ശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കേ വേദിക്കു അടുത്തായി ബോംബേറ്. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ കെ.പി ജിതേഷ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. ബോബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
സി.പി.എം പ്രവര്‍ത്തകന്‍ ശരത്‌ലാലിനാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്തും കോഴിക്കോട്ടും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വടകര കോട്ടപ്പള്ളിയിലെ ബി.ജെ.പി ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
കൊടിയേരി പ്രസംഗിക്കാന്‍ എത്തിയപ്പോഴായിരുന്നു ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബേറ് നടത്തിയതെന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ബൈക്കിനെ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാനായില്ല. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം തലശ്ശേരിയില്‍ തമ്പടിച്ചു. ഒരു തരത്തിലുള്ള സംഘര്‍ഷസാധ്യതയും സ്ഥലത്തുണ്ടാവാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.നേരത്തെ സ്‌കൂള്‍ കലോല്‍സവത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടിരുന്നു.