തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കൊടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തിരിച്ചടിയും പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരാനിരിക്കെയാണ് ഇരുവരും നിര്‍ണായക കൂടിക്കാഴ്ച്ച നടത്തിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി സന്നദ്ധത അറിയിച്ചതായതാണ് വിവരം. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമല്ല.
മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഒന്നൊന്നായി പിറകെ വരുന്ന സാഹചര്യത്തില്‍ കൊടിയേരി മുമ്പെങ്ങുമില്ലാത്ത പ്രതിരോധത്തിലാണ്. ഇതോടെയാണ് രാജി സന്നദ്ധത അറിയിച്ച് കോടിയേരി പിണറായിയെ സമീപിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത കാര്യം സംസ്ഥാന സെക്രട്ടേറിയറ്ര് യോഗത്തില്‍ കൊടിയേരി അവതരിപ്പിക്കുമെന്നാണ് സൂചന. അതേസമയം, കൊടിയേരി സ്ഥാനമൊഴിയേണ്ട എന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കൊടിയേരി ആരേയും രക്ഷിക്കാനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. കൊടിയേരി സ്ഥാനമൊഴിയുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.