തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ എംഎല്‍എമാരോട് ആഹ്വാനം ചെയ്ത് സിപിഎം. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മുന്നിട്ടിറങ്ങാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദശം നല്‍കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബിജെപി പ്രചരിപ്പിക്കുംപോലെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും എംഎല്‍എമാര്‍ പ്രചരിപ്പിക്കണം. സിപിഎം എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഏറ്റവുമധികം കഴിയുന്നത് എംഎല്‍എ മാര്‍ക്കാണ്. എന്നാല്‍ പാര്‍ട്ടി എംഎല്‍എമാര്‍ ആത്മാര്‍ഥമായി ഇത് ചെയ്യുന്നുണ്ടോ എന്ന സംശയമാണ് സിപിഎം നേതൃത്വത്തിന്. എംഎല്‍എമാര്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകണം. അതുവഴി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നതു ഉദാഹരണമായി പറഞ്ഞതാണ് കോടിയേരി എംഎല്‍എമാരെ പഠിപ്പിച്ചത്.
നേട്ടങ്ങളില്‍ മാത്രമല്ല, പ്രതിസന്ധികളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യതയും എംഎല്‍എമാര്‍ക്കുണ്ട്. ലൈഫ് പദ്ധതി പോലുള്ള വിവാദങ്ങളില്‍ വിമര്‍ശനം ഉയരുമ്പോള്‍ മൗനം പാലിക്കരുത്. ലൈഫ് പദ്ധതി എന്തെന്നും അതിലൂടെ സര്‍ക്കാര്‍ നല്‍കിയ വലിയ സഹായങ്ങളും എണ്ണിപ്പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തണം. തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ വിജയത്തിന് എംഎല്‍എമാര്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്.
റോഡുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എംഎല്‍എമാര്‍ മുന്‍കൈയെടുക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാകണം ഇനിയുള്ള പ്രവര്‍ത്തനം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലായിരുന്നു യോഗം. കോടിയേരി ബാലകൃഷ്ണനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവും യോഗത്തില്‍ പങ്കെടുത്തു.