തിരുവനന്തപുരം: ദേവികുളം കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സബ്കളക്ടറെ അപമാനിച്ച രാജേന്ദ്രന്റെ നടപടി അപക്വമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.
മൂന്നാറിലെ സി.പി.ഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. പഞ്ചായത്തിന് ആരാണ് അവിടെ കെട്ടിടം പണിയാന്‍ അനുമതി കൊടുത്തതെന്ന് കോടതി ചോദിച്ചിരുന്നു. കെട്ടിടനിര്‍മ്മാണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഇതിനു പിന്തുണയും പ്രേരണയും നല്‍കിയ എസ്. രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു.
ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, ഇടുക്കി ജില്ലാ പഞ്ചായത്തംഗം വിജയകുമാര്‍, കരാറുകാരനായ ചിക്കു എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഭരണകക്ഷിയായ സി.പി.എമ്മിന്റെ എം.എല്‍.എയാണ് എസ്. രാജേന്ദ്രന്‍. ഭരണകക്ഷി എം.എല്‍.എക്കെതിരെ സര്‍ക്കാര്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.