തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിവാദങ്ങളുടെ വേലിയേറ്റത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുള്‍മുനയില്‍. അതിരൂക്ഷമായ ആരോപണങ്ങളാണ് പാര്‍ട്ടിയുടെ ഉന്നതനായ നേതാവിന് നേരിടേണ്ടി വന്നിരിക്കുന്നത്. മകന്‍ ബിനോയ് കോടിയേരി ദുബായില്‍ നടത്തിയ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, മറ്റൊരു മകനായ ബിനീഷ് കോടിയേരിയുടെ പേരില്‍ ദുബായിലുള്ള കേസുകള്‍, എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറന്നുനല്‍കാമെന്ന് ബാറുടമ ബിജുരമേശിന് നല്‍കിയ വാഗ്ദാനവും ഗൂഢാലോചനയും, ഏറ്റവുമൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം സംബന്ധിച്ച് ക്രമക്കേട് കാട്ടി എന്നതുള്‍പ്പെടെ സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി സമ്മേളനകാലത്ത് ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വരുന്ന സംസ്ഥാന സെക്രട്ടറിയായി കോടിയേരി മാറി.
ഈമാസം 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിക്ക് നിരവധി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വെറും രാഷ്ട്രീയ ആക്ഷേപങ്ങള്‍ എന്നതിനപ്പുറം തെളിവുകളുടെ പിന്‍ബലത്തിലാണ് വിവാദമായിരിക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.എം നേതൃത്വത്തിന് കോടിയേരിയേ സംരക്ഷിക്കുന്നതിനും പരിമിതികളുണ്ട്.
മകന്റെ ഇടപാടുകള്‍ പ്രവാസി വ്യവസായ പ്രമുഖരുടെ മധ്യസ്ഥതയില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജുരമേശിന്റെ വെളിപ്പെടുത്തലുണ്ടായത്. സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കാനുള്ള തീരുമാനത്തിന് പിന്നിലെ ഗൂഢാലോചന കോടിയേരിയുടേതായിരുന്നെന്നാണ് ബിജുരമേശ് തുറന്നടിച്ചത്. എല്‍.ഡി.എഫിന്റെ നയം മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മറികടന്നാണ് മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനുപിന്നില്‍ കോടിയേരിയും ബിജുരമേശുമായി ഗൂഢാലോചന നടത്തിയിരുന്നതായി യു.ഡി.എഫ് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ബിജുരമേശ് തന്നെ വെളിപ്പെടുത്തിയതോടെ കോടിയേരി വെട്ടിലായി. ബിനോയ് കോടിയേരിക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോക്ക് പരാതി നല്‍കിയ ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ അബ്ദുല്ല ഇസ്മഈല്‍ മര്‍സൂഖിയെ കോടിയേരി പരിഹസിക്കുകയായിരുന്നു. മകന് കേസില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും കോടിയേരി പറഞ്ഞതിന്റെ അടുത്തദിവസം ബിനോയ് ദുബായില്‍ കുടുങ്ങുകയായിരുന്നു. യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ട ബിനോയിക്ക് പത്ത് ലക്ഷം ദിര്‍ഹം കെട്ടിവെക്കാതെ നാട്ടിലേക്ക് മടങ്ങാനാവില്ല. മകന്റെ ഇടപാടുകള്‍ മൂടിവെക്കാന്‍ ശ്രമിച്ച കോടിയേരിക്ക് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ആദ്യഘട്ടത്തില്‍ ലഭിച്ചെങ്കിലും സംഭവം സി.പി.എമ്മിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് നേതൃത്വത്തിന് അഭിപ്രായമുണ്ട്.
എന്നാല്‍ തുടര്‍ന്നുവന്ന ആരോപണങ്ങള്‍ കോടിയേരിയെയും പാര്‍ട്ടിയെയും മാത്രമല്ല, പൊതുസമൂഹത്തെയാകെ ബാധിക്കുന്നതാണ്. ബാറുകള്‍ തുറന്നുകൊടുക്കാമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഒരു പാര്‍ട്ടിയുടെ പ്രമുഖ നേതാവ്, ബാറുടമകളുമായി ധാരണയിലെത്തുക അസാധാരണ സംഭവമാണ്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ ബോധിപ്പിക്കേണ്ട സത്യവാങ്മൂലത്തിലും കോടിയേരി ക്രമക്കേട് കാട്ടിയെന്ന ആരോപണം.
കോണ്‍ഗ്രസ് ബന്ധം ഉള്‍പെടെയുള്ള ദേശീയ വിഷയങ്ങളില്‍ പാര്‍ട്ടി രണ്ടുതട്ടിലായിരിക്കെ, കോടിയേരിക്ക് നേരെയുള്ള ആരോപണങ്ങള്‍ സംസ്ഥാന സമ്മേളനത്തെ വിവാദങ്ങളില്‍ കുരുക്കിയിടാനാണ് സാധ്യത.