കണ്ണൂര്‍: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ സി.പി.എം വിരുദ്ധനായിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങണം എന്ന് ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നു. സി.പി.എം നശിക്കണം എന്ന് ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നില്ല. ആര്‍.എം.പിയെ കോണ്‍ഗ്രസുമായി ചേര്‍ക്കാന്‍ ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ആര്‍.എം.പി ഇപ്പോള്‍ കെ.കെ. രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം കെ.കെ രമക്കെതിരെ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കാനാണ് രമ ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. വടകരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എം.പിക്കെതിരെ വ്യാപകമായി അതിക്രമം നടത്തിയതിനെ തുടര്‍ന്നാണ് രമ ഡല്‍ഹിയില്‍ സമരം നടത്തിയത്.
അതേസമയം ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷവും അദ്ദേഹം കുലംകുത്തിയാണ് എന്നായിരുന്നു പിണറായിയുടെ നിലപാട്. ഇതിനാണ് ഇപ്പോള്‍ കോടിയേരി തിരുത്ത് നല്‍കിയിരിക്കുന്നത്. 2012 മെയ് നാലിനാണ് ആര്‍.എം.പി നേതാവിയിരുന്ന ടി.പി ചന്ദ്രശേഖരനെ സി.പി.എം നിയോഗിച്ച ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.