X
    Categories: MoreViews

ശത്രുക്കള്‍ക്ക് മുതലെടുപ്പിനുള്ള സാഹചര്യമുണ്ടാക്കരുതെന്ന് സി.പി.ഐയോട് കോടിയേരി, അതേ അഭിപ്രായമാണ് തന്റേതുമെന്ന്‌ കാനം

കണ്ണൂര്‍: ഭരണപരമായ കാര്യങ്ങളെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് സി.പി.ഐയോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കകത്ത് പറയണം. ശത്രുക്കള്‍ക്ക് മുതലെടുപ്പിനുള്ള സാഹചര്യം മുന്നണി നേതാക്കള്‍ തന്നെ ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന് മുതലെടുക്കാന്‍ അവസരം നല്‍കരുതെന്ന നിലപാടാണ് തന്റേതെന്ന് കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്നതിന് ഇടതു പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണം. സര്‍ക്കാറിന്റെ നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ നടത്തി നേതാക്കള്‍ തന്നെ പ്രതിപക്ഷത്തിന് ആയുധമുണ്ടാക്കി കൊടുക്കരുതെന്നുംകോടിയേരി
പറഞ്ഞു.
പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മയോടുള്ള സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയായാണ് കോടിയേരിയുടെ പ്രതികരണം. മുന്നണി തകര്‍ച്ചക്കു കാരണമാകുന്ന കുത്തിതിരിപ്പുകളെ ഒന്നിച്ചു നേരിടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലീസ് നടപടിയെ കോടിയേരി വീണ്ടും ന്യായീകരിച്ചു. ഡി.ജി.പി ഓഫീസിനു മുന്നില്‍ മഹിജയും കുടുംബാംഗങ്ങളും നടത്തിയ സമരം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ല. സി.പി.ഐക്ക് എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നെങ്കില്‍ അത് നേരിട്ട് ചര്‍ച്ച ചെയ്ത് പരിഹാരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോടിയേരിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ താനുയര്‍ത്തിയ ആരോപണങ്ങളോടുള്ള കോടിയേരിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന് ആയുധം കൊടുക്കരുതെന്ന് തന്നെയണ് തന്റേയും നിലപാട്. അത് സര്‍ക്കാറും ശ്രദ്ധിക്കണം.

അതോടൊപ്പം ജിഷ്ണുവിന്റെ അമ്മയുടെ സമരത്തില്‍ സര്‍ക്കാറിന്റെ നിലപാടിനോടുള്ള വിയോജിപ്പില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് കാനത്തിന്റെ നിലപാട്.

chandrika: