തിരൂരങ്ങാടി: ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസലിനെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ട് നാലു വര്‍ഷങ്ങള്‍ പിന്നിടുന്നു. 2016 നവംബര്‍ 19ന് പുലര്‍ച്ചെ അഞ്ചിന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫൈസലിനെ വെട്ടിക്കൊന്നത്. നേരത്തെ അനില്‍ കുമാര്‍ ആയിരുന്ന ഫൈസല്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു മക്കളും ഇസ്‌ലാമിലേക്ക് കടന്നുവന്നിരുന്നു.
ഫൈസലിന്റെ കുടുംബത്തിലെ കൂടുതല്‍ ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ സാധ്യത തെളിഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്. എല്ലാവരും ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരായിരുന്നു. ഇതില്‍ രണ്ടാം പ്രതിയായ ബിബിന്‍ പിന്നീട് കൊല്ലപ്പെട്ടു.
അന്നത്തെ ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹറയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരായ സി.കെ ബാബു, ജൈസൺ കെ എബ്രഹാം, ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ജൈസൺ കെ. എബ്രഹാം സമർപ്പിച്ച 3000ത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ 207 സാക്ഷികളും നൂറിലധികം മുതലുകളും അത്രതന്നെ രേഖകളും തെളിവായി പൊലീസ് ഹാജരാക്കി.
പിന്നീട് പ്രതികൾ ജാമ്യത്തിലിറങ്ങി. സംഭവശേഷം ഫൈസലിന്റെ മാതാപിതാക്കളും സഹോദരിമാരും അവരുടെ മക്കളും മൂത്തസഹോദരിയുടെ ഭര്‍ത്താവുമടക്കം ഇസ്‌ലാം സ്വീകരിച്ചിരുന്നു.