X

കൊടിഞ്ഞി ഫൈസല്‍ വധം: കുറ്റപത്രം തയ്യാറായിട്ട് എട്ട് മാസം, കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് ഒളിച്ചുകളി

യു.എ റസാഖ്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കുറ്റപത്രം തയ്യാറായിട്ട് മാസങ്ങള്‍ പിന്നിട്ടു. ആഭ്യന്തര വകുപ്പിന്റെ ഒളിച്ചു കളിമൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. മാര്‍ച്ച് മാസത്തോടെ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയും ഏപ്രില്‍ മാസത്തില്‍ തന്നെ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിനിടെ അന്വേഷണ സംഘത്തലവനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പകരം െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയെ നിയമിച്ചതുമില്ല. ഇതോടെ പ്രമാദമായ ഫൈസല്‍ വധക്കേസ് അന്വേഷണത്തെ പോലെ കുറ്റപത്രസമര്‍പ്പണവും ആഭ്യന്തര വകുപ്പ് അട്ടിമറിച്ചു.

2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍വെച്ചാണ് പുല്ലാണി ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുന്നത്. ഇസ്‌ലാം മതം സ്വീകരിച്ചതിനാലായിരുന്നു കൊലപാകം. തുടക്കത്തില്‍ കേരളാ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കൃത്യം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായി പതിനാറ് പേരെയാണ് അറസ്റ്റ് ചെയ്തത്. 78 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മഞ്ചേരി ജില്ലാ കോടതിയില്‍ നിന്നും എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തിന് ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപക്കണമെന്നാവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. മാത്രവുമല്ല കേസിലെ ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരെയും പ്രതികളെ രണ്ട് മാസത്തോളം ഒളിപ്പിച്ചവരെയും കുറിച്ച് അന്വേഷണം നടത്താതെ മാര്‍ച്ച് മാസത്തോടെ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു. ശേഷം കുറ്റപത്രം തെയ്യാറാക്കുന്നതിലേക്ക് കടന്നു.

ഫൈസലിനെ വെട്ടിയ തിരൂര്‍ സ്വദേശി ബാബുവിനെ ഒന്നാം പ്രതിയായും വയറിന് കുത്തിയ കുണ്ടില്‍ ബിബിനെ (ഈയിടെ തിരൂരില്‍ കൊല്ലപ്പെട്ട) രണ്ടാം പ്രതിയായും കൊലപാതക സംഘത്തിന്റെ ബൈക്കുകള്‍ ഓടിച്ച രണ്ട് പേരെ മൂന്നും നാലും പ്രതികളാക്കി കുറ്റപത്രം തെയ്യാറാക്കി. ഈ കൊലയുടെ സൂത്രധാരന്‍ മഠത്തില്‍ നാരായണന്‍ കുറ്റപതത്രമനുസരിച്ച് അഞ്ചാം പ്രതിയും ഫൈസലിന്റെ അളിയന്‍ വിനോദ് എഴാം പ്രതിയുമാണ്. കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശിയായ പുളിക്കല്‍ ഹരിദാസനാണ് ആറാം പ്രതി. ഗൂഢാലോചനയില്‍ പിടിയിലായവരാണ് തുടര്‍ന്നുള്ള പ്രതികള്‍. തിരുവനന്തപുരത്ത് നിന്നും ലഭിക്കേണ്ട ആയുധം പരിശോധിച്ച റിപ്പോര്‍ട്ടൊഴികെ മറ്റു സൈബര്‍ രേഖകളും പേപ്പറുകളും തയ്യാറാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ എപ്രില്‍ മാസം അവസാനത്തില്‍ അന്വേഷണ സംഘത്തിന്റെ തലവനായ മലപ്പുറം െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന സി.കെ ബാബുവിനെ കോട്ടയം വിജിലന്‍സിലേക്ക് സ്ഥലം മാറ്റി. പകരം െ്രെകം റിക്കോര്‍ഡ് ബ്യൂറോ ഡി.വൈ.എസ്.പിയായി കണ്ണൂരില്‍ നിന്നും മലപ്പുറത്തെത്തിയ ജൈസണ്‍ കെ എബ്രഹാമിന് അധിക ചുമതല നല്‍കി. എന്നാല്‍ കേരളത്തെ തന്നെ പിടിച്ച് കുലുക്കിയ പ്രമാധമായ കേസായതിനാല്‍ താല്‍ക്കാലിക ചുമതലയുള്ളവര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാറില്ലെന്നാണ് പോലീസുമായി ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് കഴിഞ്ഞ ഏഴ് മാസത്തോളമായി കുറ്റപത്രത്തിന് അനക്കമില്ലാതെ കിടക്കുകയാണ്.

കേസിന്റെ തുടക്കം മുതല്‍ തന്നെ പൊലീസിന്റെയും സര്‍ക്കാറിന്റെയും നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. തുടക്കത്തില്‍ ഡമ്മി പ്രതികളെ ഹാജറാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജനകീയ സമരങ്ങള്‍ അരങ്ങേറിയിരുന്നു. പിന്നീട് പലപ്പോഴായി അന്വേഷണം നിശ്ചലമായപ്പോഴും സമരങ്ങള്‍ അറങ്ങേറി. ഇപ്പോള്‍ ഫൈസല്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സര്‍ക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും അലസമനോഭാവത്തിനെതിരെ ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നവംബര്‍ 18ന് രാവിലെ 10 മണിക്ക് മലപ്പുറം െ്രെകംബ്രാഞ്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റപത്രമെവിടെ എന്ന ചോദ്യവുമായി നടത്തുന്ന ജനകീയ വിചാരണയില്‍ ശക്തമായ പ്രതിഷേധമുയരും.

chandrika: